‘അന്ന് ഇത് വേണോ എന്ന് അച്ഛൻ ചോദിച്ചിരുന്നതെങ്കിൽ ആ വിവാഹം നടക്കില്ലായിരുന്നു’; ശ്വേത മേനോൻ

മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ തന്റെ അദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ബോളിവുഡ് നടൻ ബോബി ബോൻസ്ലെ ആയിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. ബോബിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും പിന്നീട് പിരിഞ്ഞതിനെക്കുറിച്ചും ശ്വേത പറയുന്നു. തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ബോബി. കുറച്ച് കാലങ്ങൾക്ക് ശേഷം ആൺസുഹൃത്തുമായി പിരിഞ്ഞു. അതോടെയാണ് ബോബിയുമായി അടുപ്പത്തിലായതും പിന്നീട് വിവാഹം കഴിച്ചതും.

ബോബിയുമായുള്ള വിവാഹത്തെ ഒരിക്കലും തന്റെ പിതാവ് എതിർത്തിരുന്നില്ലെന്നും എന്നാൽ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് നിരവധി തവണ വന്ന് ചോദിച്ചിരുന്നുവെന്നും ശ്വേത പറയുന്നു. നമുക്ക് ഇത് വേണോ എന്നായിരുന്നു അന്ന് അച്ഛൻ ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ആ വിവാഹം നടക്കില്ലായിരുന്നുവെന്നാണ് താരം പറഞ്ഞത്. ‘ഒരു പ്രായം കഴിഞ്ഞാൽ പിന്നെ നമ്മൾ പറയുന്നതെല്ലാം നെഗറ്റീവ് ആയിട്ട് മാത്രമേ ആളുകൾ കാണുകയുള്ളൂവെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്. ആ ചിന്ത കൊണ്ട് തന്നെയാണ് നമുക്ക് ഇത് വേണോ എന്ന് ചോദിച്ച് എന്നെ പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിക്കാത്തതിന് പിന്നിൽ. എന്റെ മനസ്സിൽ നെഗറ്റീവ് ഫീൽ ഉണ്ടാക്കരുതെന്ന് അച്ഛന് അന്ന് തോന്നിയിട്ടുണ്ടാകും’ ശ്വേത പറഞ്ഞു.

ഇന്ന് താനും ഒരു രക്ഷകർത്താവായതിനാൽ അന്ന് അച്ഛൻ ചോദിക്കാൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയും. അച്ഛനും അമ്മയും ആണെന്ന് പറഞ്ഞ് കൊമ്പത്ത് കയറി ഇരിക്കാൻ പാടില്ലെന്നും കുട്ടികളുമായി കമ്മ്യൂണിക്കേഷൻ വളരെ പ്രധാനമാണെന്നും ഇന്ന് താൻ എല്ലാവരോടും പറയാറുണ്ടെന്നും നടി വ്യക്തമാക്കി. അന്ന് വിവാഹത്തിന് അച്ഛൻ സമ്മതം പറഞ്ഞതുകൊണ്ട് തന്നെ ഞാൻ അതിന്റെ ഒരു ആഘോഷത്തിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്നതിന് പകരം ഇത് വേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിൽ വിവാഹം നടക്കില്ലായിരുന്നുവെന്നും നടി ആവർത്തിച്ചു. എന്നാൽ മുൻ ഭർത്താവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടെന്നും ബോബി വിളിക്കുമ്പോൾ അന്ന് നമ്മൾ എത്ര മണ്ടത്തരമാണ് ചെയ്തതെന്ന് പറഞ്ഞ് പരസ്പരം കളിയാക്കാറുണ്ടെന്നും ശ്വേത പറഞ്ഞു.

എന്റെ പങ്കാളിയാകാനുള്ള പക്വത ബോബിക്ക് ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാൻസിൽ നമ്മൾ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമാണ്. സ്നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാൻ പറയാറുണ്ട്. ആൾക്കാർ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാൻ പാടില്ല. എന്റെ കുറേ ഫ്രണ്ട്സ് കല്യാണം കഴിച്ചു, അപ്പോൾ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോൻ വ്യക്തമാക്കി. ഭർത്താവ് നൽകുന്ന സുരക്ഷിതത്വമുള്ളതുകൊണ്ടാണ് മുൻ ഭർത്താവ് ഫോണിൽ വിളിക്കുമ്പോൾ ധൈര്യത്തോടെ സംസാരിക്കാനും പരസ്പരം കളിയാക്കാനും ഒക്കെ കഴിയുന്നതെന്നും ശ്വേത മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *