‘അത്ര മാത്രം എന്നെ ലാൽ മനസിലാക്കി, മമ്മൂക്കയുടെയടുത്ത് എന്തെങ്കിലും ആവശ്യവുമായി പോയാൽ’; മേജർ രവി

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. മോഹൻലാലുമായി മേജർ രവിക്ക് സൗഹൃദവുമുണ്ട്. മിക്ക അഭിമുഖങ്ങളിലും മോഹൻലാലിനെക്കുറിച്ച് മേജർ രവി വാചാലനകാറുണ്ട്. അതേസമയം മമ്മൂട്ടിയെക്കുറിച്ച് മേജർ രവി അധികം സംസാരിച്ച് കേട്ടിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേജർ രവി. കൗമുദി മൂവിസിലാണ് പ്രതികരണം.

പട്ടാളത്തിലിരിക്കുന്ന സമയത്ത് തന്നെ മമ്മൂക്കയുമായി പരിചയപ്പെട്ടു. പെരുന്നാളിന്റെ സമയത്ത് പോയിക്കഴിഞ്ഞാൽ ചേച്ചി നമ്മളെ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ഒരു ട്രീറ്റാണ്. എല്ലാവരെയും ഇരുത്തി ബിരിയാണി കഴിപ്പിക്കും. മമ്മൂക്ക നമ്മളോട് കാണിക്കുന്ന കെയർ കാണുമ്പോൾ നമ്മളൊക്കെ ആരാണ് എന്ന് തോന്നും. ഈ ആളുകളുമായി കുടുംബം പോലെയുള്ള ബന്ധമുണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്. മമ്മൂക്കയുടെ അടുത്ത് എനിക്കെന്തെങ്കിലും ആവശ്യവുമായി പോയാൽ എന്നെക്കൊണ്ട് അതൊന്നും പറ്റില്ല, ഭ്രാന്തല്ലേ എന്ന് പറയും.

പക്ഷെ നമ്മൾ വിഷമിച്ചിരിക്കുമ്പോൾ ഒരു കോൾ വരും. അല്ലെങ്കിൽ ഒരാൾ വന്ന് നമുക്ക് നാളെ ചെയ്യാമെന്ന് പറയും. ഏകദേശം എന്റെയും മമ്മൂക്കയുടെയും സ്വഭാവം ഒരു പോലെയാണ്. നോ പറഞ്ഞാലും ആർക്കെങ്കിലും വേണ്ടി ആവശ്യങ്ങൾ ചെയ്ത് കൊടുക്കുമെന്നും മേജർ രവി വ്യക്തമാക്കി. മോഹൻലാൽ തന്നെ എത്ര മാത്രം മനസിലാക്കുന്നു എന്നതിന് ഒരു ഉദാഹരണവും മേജർ രവി ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനെ വെച്ച് ഒരു സിനിമ ചെയ്യാൻ വേണ്ടി നോക്കി. ആദ്യം പൃഥിരാജിനെയായിരുന്നു നായകനാക്കിയത്.

ഏതോ മണിരത്‌നം സിനിമയിൽ രാജു കുടുങ്ങി. ഒഴിവാകാൻ പറ്റുന്നില്ലെന്ന് പറഞ്ഞതോടെ ഉണ്ണി മുകുന്ദനെ വെച്ച് പടം പ്ലാൻ ചെയ്തു. ലാലിന്റെ തേവരയിലെ വീട്ടിലിരുന്ന് സംസാരിക്കെ സിനിമ ചെയ്യുന്ന കാര്യം പറഞ്ഞു. എന്താണ് കഥയെന്ന് ചോദിച്ചു. കഥ പറഞ്ഞു. മന്ത്രവാദി നായകന്റെയുള്ളിൽ കയറി. വീടിന് മുറ്റത്തുള്ള ഭഗവതിയുടെ പ്രതിമ നായകൻ ഇളക്കിക്കൊണ്ട് പോയി കുളത്തിലെറിയുന്നു.

എറിയുന്ന സമയത്ത് അമ്മ വന്ന് കാലിൽ പിടിക്കും. അമ്മയെ നെഞ്ചത്ത് ചവിട്ടും. അമ്മ മരിച്ച് കൊണ്ടിരിക്കുകയാണെന്ന് അറിയാതെ ഈ മകൻ വിഗ്രഹം കുളത്തിൽ എറിയും. നാട്ടുകാർ അമ്മയുടെ ശവസംസ്‌കാരം നടത്തുമ്പോഴും നായകന് സ്വന്തം പെറ്റമ്മയാണെന്ന് മനസിലാകുന്നില്ല. ഈ കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നടൻ തിരിച്ച് ചോദിച്ച ചോദ്യമെന്തെന്നും മേജർ രവി പങ്കുവെച്ചു.

അണ്ണാ, ആ ഭഗവതിയെ എടുത്ത് കൊണ്ട് പോകുന്ന സമയത്ത് അമ്മ വന്ന് തടയുമ്പോൾ അമ്മയുടെ നെഞ്ചത്ത് ചവിട്ടുന്ന ഷോട്ട് എടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. ഞാനൊന്ന് നോക്കി. അവിടെയാണ് മോഹൻലാൽ എന്ന വ്യക്തി എന്നെ മനസിലാക്കുന്നത്. ഞാൻ അമ്മയെ എത്ര മാത്രം സ്‌നേഹിക്കുന്നു എന്ന് ലാലിന് അറിയാമായിരുന്നു. അന്നത്തെ അവസ്ഥയിൽ ആ സീനെടുക്കാൻ എനിക്ക് പറ്റില്ലായിരുന്നു. കാരണം അമ്മ മരിച്ചിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. ഈ സിനിമ പിന്നീട് താൻ വേണ്ടെന്ന് വെച്ചെന്നും മേജർ രവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *