അതിശയിപ്പിക്കുകയാണ് വാണി ജയറാം 1973 മുതല്‍ ഇന്നും

കെ.ജെ. യേശുദാസ് സിനിമയില്‍ അഭിനയിക്കുന്ന താരത്തിനു വേണ്ടി പതിറ്റാണ്ടുകളായി ആ ശബ്ദത്തില്‍ പാടുന്ന ഗായകനാണ്. നസീര്‍, സത്യന്‍, മധു തുടങ്ങി മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി പാട്ടുകള്‍ പാടിയ അനുഗ്രഹീത ഗായകന്‍. പിന്നീടിങ്ങോട് പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ സിനിമയ്ക്കുവേണ്ടിയും പാടി. ആരുടെ പേര് എടുത്തു പറയും പതിറ്റാണ്ടുകളായി മലയാളസിനിമയിലെത്തിയ പ്രധാന നടന്മാര്‍ക്കു വേണ്ടും പാടി പ്രേക്ഷകരെ അന്നും ഇന്നും അദ്ഭുതപ്പെടുത്തുന്ന ഗായകനാണ് യേശുദാസ്.

കാലത്തിന് തൊടാന്‍ കഴിയാത്ത ശബ്ദമുണ്ടോ അങ്ങനെയൊരു സംശയത്തിനുള്ള മനോഹരമായ മറുപടിയാണ് യേശുദാസിനൊപ്പം വാണി ജയറാമിന്റെയും നാദം. 1945 നവംബര്‍ 30നു തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ജനിച്ച വാണി ജയറാം 77-ാം പിറന്നാളിലേക്കു കടക്കുകയാണ്. ഇന്നും ആ നാദവിസ്മയിത്തു താളപ്പിഴകളില്ല. 1973ല്‍ സ്വപ്‌നം എന്ന ചിത്രത്തിനു വേണ്ടി സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി… എന്ന ഗാനം പാടിയ അതേ സ്വരസൗന്ദര്യത്തോടെ തന്നെ ഇന്നും വാണി ജയറാം പാടുന്നു. 28ാം വയസില്‍ പാടിയ അതേ മാധുര്യം തന്നെയാണ് ഇന്നും വാണി ജയറാമിന്റെ സ്വരത്തിന്. സീമന്ത രേഖയില്‍…, വാല്‍ക്കണ്ണെഴു തി വനപുഷ്പം ചൂടി… ആഷാഢമാസം.. മുതല്‍ 2016ല്‍ പുറത്തുവന്ന ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍.. വരെയുള്ള ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റുന്ന പാട്ടുകളാണ്.

മലയാളത്തില്‍ വാണി ജയറാം പാടിയ ആദ്യഗാനം സൗരയൂഥത്തില്‍… എക്കാലവും നിലനില്‍ക്കുന്ന ഗാനമായി മാറി. അതുപോലെ ഗുഡ്ഡി എന്ന ഹിന്ദി സിനിമയ്ക്കു വേണ്ടി പാടിയ ബോലേരേ പപ്പി… എന്ന ഗാനം വന്‍ഹിറ്റാണ്. ജയഭാദുരിക്കു (ജയാ ബച്ചന്‍) വേണ്ടി വാണി ജയറാം ആലപിച്ച ഈ ഗാനം പ്രശസ്തമായ താന്‍സന്‍ അവാര്‍ഡ് ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

49 വര്‍ഷങ്ങള്‍ക്കു മുമ്പ് പാടിയ പാട്ടുകള്‍ക്ക് നല്‍കിയ അതേ ശ്രുതിയില്‍ അതേ പിച്ചില്‍ ഇന്നും പാടുന്ന ഒരേ ഒരു ഗായികയാണ് വാണി ജയറാം എന്നു നിസംശയം പറയാം, ശബ്ദത്തില്‍ ഇന്നും യൗവനം. 1983ല്‍ കൗമാരക്കാരിയായ നായികയ്ക്കു വേണ്ടിയാണ് പാടിയത്. ആക്ഷന്‍ ഹീറോ ബിജുവിലും നായിക യുവതിയായിരുന്നു. അരനൂറ്റാണ്ട് നീളുന്ന ചലച്ചിത്ര ഗാനയാത്രയില്‍ വാണി ജയറാം കൈകോര്‍ത്തത് ഇന്നലെയുടേയും ഇന്നിന്റെയും സംഗീത ഗാനപ്രതിഭകള്‍ക്കൊപ്പമാണ്. കെ.രാഘവന്‍, ദക്ഷിണാമൂര്‍ത്തി, ജി.ദേവരാജന്‍, ബാബുരാജ്, എം.കെ.അര്‍ജുനന്‍,ജെറി അമല്‍ദേവ്, ജോണ്‍സണ്‍ മുതല്‍ ഗോപിസുന്ദര്‍ വരെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. വയലാര്‍, പി.ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തന്പി, പൂവച്ചല്‍ ഖാദര്‍ മുതല്‍ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

സംഗീതത്തിനുവേണ്ടി ബാങ്കിലെ ഉദ്യോഗം രാജി വച്ച ഗായികയായിരുന്നു വാണി ജയറാം. ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാന്‍ തുടങ്ങിയ കാലത്ത് ഗുരുവും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്‍ ആണ് ബാങ്കിലെ ഉദ്യോഗം സംഗീത ഉപാസനയ്ക്ക് തടസമാകുമെന്ന് ഉപദേശിക്കുന്നത്. ആ ഉപദേശം ശിരസാവഹിച്ച് ജോലി ഉപേക്ഷിച്ച് വാണി പൂര്‍ണമായും സംഗീതത്തില്‍ അര്‍പിക്കുകയായിരുന്നു. ലയാളം, തമിഴ്, മറാത്തി, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയ തുടങ്ങി 19 ഇന്ത്യന്‍ ഭാഷകളില്‍ പാടി എന്ന അപൂര്‍വ നേട്ടം ലഭിച്ച ഗായികയാണ് വാണി ജയറാം. ഗാനപ്രതിഭകളായ മുഹമ്മദ് റാഫി, മുകേഷ്, കിഷോര്‍ കുമാര്‍, മന്നാഡേ, ഹേമന്ദ് കുമാര്‍, എസ്.പി. ബാലസുബ്രഹ്മണ്യം, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ യേശുദാസ് അടക്കം പല ഇതിഹാസ ഗായകര്‍ക്കൊപ്പം യുഗ്മഗാനങ്ങള്‍ പാടുവാന്‍ വാണിക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *