എകെ 62 എന്ന് പേരിട്ടിരിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുന്നത്. ആദ്യം വിഘ്നേശ് ശിവന് സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടില്‍ കാര്യങ്ങള്‍ പിന്നീടാണ് തകിടം മറിഞ്ഞത്. അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ചിത്രം ചെയ്യാനിരുന്ന വിഘ്നേശ് ശിവനെ ‘എകെ62’ ല്‍ നിന്നും ഒഴിവാക്കിയെന്നാണ്. ഇത് ഏതാണ്ട് ശരിയാണ് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.
ഇതോടെ മഗിഴ് തിരുമേനിയായിരിക്കും ‘എകെ62’ സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്പില് അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ ‘എകെ62’ നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം.
220 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് എന്നാണ് പുതിയ വാര്‍ത്ത. ഉടന്‍ ഷൂട്ടിംഗ് ആരംഭിച്ച് ഈ വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. അതേ സമയം നേരത്തെ വിഘ്നേശിന്റെ പ്രൊജക്ടിന് വേണ്ടി ധാരണയില്‍ എത്തിയ സംഗീത സംവിധായകന് അനിരുദ്ധ് ഈ എകെ 62 വില്‍ തുടര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ പുതിയ വിവരം അനുസരിച്ച് അനിരുദ്ധും അജിത്ത് ചിത്രത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്.
മഗിഴ് തിരുമേനിയുടെ പ്രൊജക്ട് ഓണായതോടെ തന്റെ ടീമിനെ പൂര്‍ണ്ണമായും പടത്തിലേക്ക് എത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് മഗിഴ് പ്രൊഡക്ഷന്‍ ഹൌസിനോടും, അജിത്തിനോടും അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് അനിരുദ്ധ് അടക്കം നേരത്തെ കരാര്‍ ചെയ്ത എല്ലാവരെയും മാറ്റിയത് എന്നാണ് വിവരം. ഇതോടെ യുവ സംഗീത സംവിധായകന് അരുണ്‍ രാജ് ആയിരിക്കും അജിത്തിന്റെ അടുത്ത ചിത്രത്തിന് സംഗീതം നല്‍കുക. മഗിഴ് തിരുമേനിയുടെ തടം പോലുള്ള ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയ വ്യക്തിയാണ് അരുണ്‍ രാജ്.
ഇതുവരെ ഒരു ചിത്രത്തില്‍ വാങ്ങിയതിന്റെ എത്രയോ ഇരട്ടി ശമ്പളമാണ് ഈ ചിത്രത്തിന് ലൈക്ക പ്രൊഡക്ഷന്‍ മഗിഴ് തിരുമേനിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചെയ്ത കലഗ തലൈവൻ എന്ന ഉദയനിദി സ്റ്റാലിന് നായകനായ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.