ഓസ്കർ പ്രചാരണങ്ങൾക്ക് വൻ ചെലവ്, ഒരു ഷോയുടെ ചെലവ് 40 ലക്ഷം; ബ്ലെസി

Update: 2025-01-07 12:03 GMT

ആടുജീവിതം തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് മലയാളികൾ. സാധാരണയായി വിദേശ സിനിമ വിഭാഗത്തിലാണ് ഏഷ്യയില്‍ നിന്നടക്കമുള്ള സിനിമകള്‍ പരിഗണിക്കാറ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരു മലയാളചിത്രം ജനറല്‍ എന്‍ട്രിയിലേക്ക് പരി​ഗണിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ, മലയാളം പോലെയൊരു പ്രാദേശിക ഭാഷയിൽ നിന്ന് ഒരു സിനിമ ഓസ്കറിനെത്തിക്കാനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് സംവിധായകൻ ബ്ലെസി തന്നെ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.

'ക്ലബ് എഫ്.എമ്മിന്റെ ​ഗെയിംചേഞ്ചേഴ്സ് ഓഫ് 2024 എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഓസ്‌കറിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രാദേശിക ഭാഷയിൽ നിന്ന് അതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ അപകടകരമാണ്. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള ആളുകള്‍ ഇല്ല എന്നാണ് മനസ്സിലായത്. വളരെയധികം ചെലവുമുണ്ട്.

ലോസ് ആഞ്ജിലിസിൽ വെച്ച് ആദ്യത്തെ ഷോ കാണാന്‍ വന്നത് 40-ഓളം ആളുകളാണ്. അതില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് അക്കാദമി അംഗങ്ങൾ. അന്ന് റഹ്‌മാനുമുണ്ടായിരുന്നു. ആ ഒരു ഷോയ്ക്ക് മാത്രം ചെലവായത് 40,000 ഡോളറാണ്. ഒരു ഷോ കഴിയുമ്പോള്‍ 40, 45 ലക്ഷം രൂപ ചെലവ് വരുന്ന അവസ്ഥയാണ്. അത് നമുക്ക് താങ്ങാന്‍ പറ്റുന്നതല്ല. ആഗ്രഹിക്കാന്‍ പോലും കഴിയുന്നതല്ല.

എല്‍.എ.യിലും, ന്യൂയോര്‍ക്കിലും, സാന്‍ഫ്രാന്‍സിസ്‌കോയിലുമൊക്കെ കുറേയധികം ഷോകള്‍ ചെയ്തിട്ടുണ്ട്. അക്കാദമി മെമ്പേഴ്‌സിനെ നമുക്ക് കാണിക്കാന്‍ പറ്റുകയാണെങ്കില്‍ നല്ലതാണ്. എന്നാല്‍, ഇത് 40 പേര്‍ വന്നാല്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് മെമ്പേഴ്‌സ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് മൂന്ന് മെമ്പേഴ്‌സിന് വേണ്ടി മാത്രം ഒരു ഷോ നടത്തി', ബ്ലെസി പറഞ്ഞു.

Tags:    

Similar News