'മാർക്കോ' ഉടൻ ഒടിടിയിൽ; ഡിലീറ്റ് ചെയ്ത് സീൻ ഉൾപ്പടെ കൂടുതൽ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്
ഉണ്ണിമുകുന്ദൻ നായകനായി തിയേറ്ററുകളിൽ ഇപ്പോഴും വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് 'മാർക്കോ'. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി ക്ളബ് കടന്നിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പും അടുത്തിടെ പ്രദർശനത്തിന് എത്തിയിരുന്നു.
കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ് തുടങ്ങിയവരും മാർക്കോയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇപ്പോഴിതാ മാർക്കോയുടെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. നെറ്റ്‌ഫ്ലിക്സ് മാർക്കോയുടെ സ്ട്രീമിംഗ് അവകാശം കരസ്ഥമാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വെെകാതെ ഒടിടിയിൽ സിനിമ എത്തുമെന്നാണ് വിവരം. ഈ മാസമോ അടുത്തമാസമോ ചിത്രം ഒടിടിയിൽ എത്തും.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മാർക്കോയുടെ ഒടിടി സ്ട്രീമിംഗ് ഉണ്ടാകും. തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പടെ കൂടുതൽ സ്ട്രീമിംഗ് ടെെമിലായിരിക്കും മാർക്കോ ഒടിടിയിൽ എത്തുന്നതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ഇന്ന് മാർക്കോയുടെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിൽ എത്തിയിരുന്നു. തമിഴ് പതിപ്പ് ജനുവരി മൂന്നിനാണ് പുറത്തിറങ്ങുക.