മോഹന്‍ലാലിനോടും ഫാസില്‍ സാറിനോടുമൊക്കെ അന്ന് ദേഷ്യമാണ് തോന്നിയത്, ഒന്നും അറിയില്ലായിരുന്നു; നയന്‍താര

Update: 2024-12-13 10:10 GMT

തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സിനിമ ജീവിതത്തെ പറ്റിയുമൊക്കെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നയന്‍സ്. ഇതിനിടെ തന്റെ സിനിമയുടെ തുടക്കകാലത്ത് ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ഫാസിലുമായി ഉണ്ടായ ഒരു പ്രശ്‌നത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് നടിയിപ്പോള്‍. അന്ന് മോഹന്‍ലാലിനോടും ഫാസിലിനോടും തനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നുവെന്നാണ് നടി പറയുന്നത്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് തുടക്കം കുറിച്ച നയന്‍താര പ്രശസ്തിയിലേക്ക് ഉയര്‍ന്നത് തമിഴിലെത്തിയതോടെയാണ്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി മലയാളത്തില്‍ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയതിന് ശേഷമായിരുന്നു നടി മറ്റ് ഭാഷകളില്‍ സജീവമായത്.

ഫാസില്‍ സംവിധാനം ചെയ്ത വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ സിനിമയുടെ പിന്നണിയില്‍ നടന്ന സംഭവത്തെ പറ്റിയാണ് നടിയിപ്പോള്‍ തുറന്നു സംസാരിച്ചത്.

'കരിയറിന്റെ തുടക്കത്തില്‍ താന്‍ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന്‍ ഫാസില്‍ സാറിന് എന്നോട് ചില അസ്വസ്ഥതകള്‍ ഉണ്ടായൊരു അനുഭവവും ഉണ്ടായിട്ടുണ്ട്. അതിന്നും എന്റെ ഓര്‍മ്മയിലുണ്ട്. 'എനിക്ക് ഇവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി ഞാന്‍ മലയാളത്തില്‍ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്...' എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹന്‍ലാല്‍ സാറും എന്നോട് സംസാരിച്ചു.

' നയന്‍, നിങ്ങള്‍ ഉള്ളില്‍ നിന്ന് വികാരത്തോടെ ചെയ്യണം' എന്നാണ് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഇതോടെ എനിക്ക് വളരെയധികം ദേഷ്യം വരാന്‍ തുടങ്ങി. 'സര്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ല. എന്ത് ഡയലോഗ് ആണ് ഞാന്‍ പറഞ്ഞതെന്നും എനിക്കറിയില്ല. ഈ മാര്‍ക്കില്‍ നില്‍ക്കാന്‍ നിങ്ങള്‍ എന്നോട് പറയുന്നു. എന്റെ മുകളില്‍ ഒരു നിഴല്‍ വീഴ്ത്തണം,.ആ വാക്ക് കേട്ട് പ്രണയത്തില്‍ ആവുക, കണ്ണുനീര്‍ പൊഴിക്കുക, എന്നിങ്ങനെ വികാരഭരിതയായി പ്രകടിപ്പിക്കണമെന്ന് നിങ്ങള്‍ പറയുന്നു.

എന്നാല്‍ എന്റെ ഉള്ളില്‍ അങ്ങനെയൊന്നുമില്ല. എന്റെ ഉള്ളില്‍ ആകെയുള്ളത് ഭയം മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞതോടെ അദ്ദേഹം ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് എന്നോട് ഒരു ബ്രേക്ക് എടുക്കാന്‍ ആണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പിന്നാലെ ഫാസില്‍ സാര്‍ എന്റെ കാര്യത്തില്‍ അസ്വസ്ഥനാവുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചുവന്നു. എന്നിട്ട് എന്നോട് ശ്രദ്ധയോടെ കേള്‍ക്കാന്‍ പറഞ്ഞു. 'ഞാന്‍ നിന്നെ ശരിക്കും വിശ്വസിച്ചു. വീണ്ടും ഞാന്‍ നിന്നെ വിശ്വസിക്കാന്‍ പോവുകയാണ്. എനിക്ക് നിന്നില്‍ നിന്ന് ശക്തമായ പെര്‍ഫോമന്‍സ് വേണം. എനിക്കൊരു പരാജയമല്ല വേണ്ടത്. ഇന്ന് വേണമെങ്കില്‍ ഞാന്‍ ബ്രേക്ക് തരാം. നാളെ വരുമ്പോള്‍ നീ തീരുമാനിച്ച് ഉറപ്പിച്ചിട്ട് വേണം വരാനെന്നും,' ഫാസില്‍ സാര്‍ പറഞ്ഞു.

ഇത് കേട്ടതോടെ ഞാന്‍ ശരിക്കും വല്ലാത്തൊരു അവസ്ഥയിലായി. എന്നിരുന്നാലും അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. പിറ്റേന്ന് എന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല എന്നെ അഭിനന്ദിച്ചുകൊണ്ട് കെട്ടിപ്പിടിക്കുകയും ചെയ്തതായി നടി വെളിപ്പെടുത്തി.

Tags:    

Similar News