'എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ് മണി, അന്ന് ‌ക്യാപ്റ്റന്‍ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു': ലാല്‍ ജോസ് പറയുന്നു

Update: 2024-12-13 10:32 GMT

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ലാല്‍ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റന്‍ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

''ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു മണി. പട്ടാളം എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി. രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈര്‍ഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കില്‍ ഓക്കെ ആക്കുന്നതാണ്. പക്ഷെ ആ ഷോട്ട് മാത്രം എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. പത്ത് ടേക്ക് കഴിഞ്ഞതോടെ മണിയുടെ ആത്മവിശ്വാസം പോയി. അതോടെ മണിയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാന്‍ തുടങ്ങി'' ലാല്‍ ജോസ് പറയുന്നു.

കുറച്ച് നേരം നിര്‍ത്തിവെക്കാമെന്ന് ഞാന്‍ പറഞ്ഞു. അല്ലെങ്കില്‍ നാളെ ചെയ്യാമെന്നും പറഞ്ഞു. അത് പറ്റില്ല, നാളെ ഞാന്‍ ഇല്ലെന്ന് മണി പറഞ്ഞു. മണി സ്വയം ചീത്ത പറയാനും അടിക്കാനുമൊക്കെ തുടങ്ങി. വീണ്ടും ചെയ്യും, വീണ്ടും തെറ്റും. ഞാന്‍ നിസ്സഹാനായി നില്‍ക്കുകയാണ്. മണിയെ ആശ്വസിപ്പിക്കാന്‍ പറ്റുന്നില്ല. മണിയുടെ ദേഷ്യം കൂടാന്‍ തുടങ്ങി. അതോടെ തെറ്റുകളും കൂടാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞിട്ടും ശരിയാകുന്നില്ലെന്ന് കണ്ടപ്പോള്‍ ക്യാപ്റ്റന്‍ രാജു ചേട്ടന്‍ ഇടപെട്ടുവെന്നാണ് ലാല്‍ ജോസ് പറയുന്നത്.

രാജുച്ചയാന്‍ സാധു മനുഷ്യനാണ്. അദ്ദേഹം മണിയെ വിളിച്ച് മോനെ, ഞാനൊരു എന്ന് പറഞ്ഞ് തുടങ്ങിയതും മണി രാജുച്ചായനോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞ് മണി രാജുച്ചയാനോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. രാജുച്ചായന്‍ മാറി നിന്ന് കരഞ്ഞു. എന്നാലും അവന്‍ എന്നോട് അങ്ങനെ പറഞ്ഞല്ലോ, ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ചെന്നതല്ലേ എന്ന് പറഞ്ഞാണ് അദ്ദേഹം കരഞ്ഞതെന്നും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്.

അത് നോക്കണ്ട, ഇപ്പോള്‍ അവന്റെ കയ്യില്‍ നിന്നും പോയിരിക്കുകയാണ്. എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ്. ഇത്രയും ആളുകള്‍ നില്‍ക്കെ തെറ്റ് വരുന്നു. അതില്‍ നിന്നും ഉണ്ടായ അപമാനം കൊണ്ടാണ്. മറ്റുള്ളവര്‍ക്ക് അത് മനസിലാകും.പക്ഷെ മണിയ്ക്ക് സ്വയം തോന്നുന്നൊരു അപമാനം കൊണ്ടാണ് പ്രകോപിതനാകുന്നത്. അവനോട് ക്ഷമിക്കണം. അവന് പക്വതയില്ലാത്തതു കൊണ്ട് സംഭവിച്ചതാണെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ താന്‍ സമാധാനിപ്പിച്ചുവെന്നാണ് ലാല്‍ ജോസ് പറയുന്നത്.

അങ്ങനെ 22-ാമത്തെ ടേക്കില്‍ ആ രംഗം ഓക്കെയായെന്നും ലാല്‍ ജോസ് പറയുന്നു. പക്ഷെ ആ സിനിമ കഴിഞ്ഞതോടെ മണിയ്ക്ക് എന്നോട് മാനസികമായൊരു അകല്‍ച്ച എന്നോടുള്ളത് പോലെ എനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. അതേസമയം അന്ന് മണി അവിടെയുണ്ടാക്കിയ സീന്‍ തനിക്കും അസ്വസ്ഥതയുണ്ടാക്കിയെന്നും ലാല്‍ ജോസ് പറയുന്നുണ്ട്. പിന്നീട് എന്റെ സിനിമകളിലൊന്നും മണി ഉണ്ടായില്ല. പിന്നെ ഞാനും മണിയെ മണിയുടെ പാട്ടിന് വിട്ടു. അപ്പോഴേക്കും മണി തമിഴില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

Tags:    

Similar News