മുതിര്‍ന്ന നടന്മാരില്‍ ചിലര്‍ക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്, ആ ആവശ്യത്തിന് പിന്തുണ ലഭിച്ചു; അതോടെ ബാത്ത് റൂം പാര്‍വ്വതി എന്ന പേര് വീണു; പാര്‍വ്വതി
അഭിനയത്തില്‍ കയ്യടി നേടിയത് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ഒരുപാട് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ നടി പാര്‍വ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലവട്ടം പാര്‍വ്വതി തുറന്നു പറഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ പാര്‍വ്വതി താരസംഘടനയായ അമ്മയോടും സിനിമാ ലോകത്തെ പുരുഷാധിപത്യത്തോടും ശക്തമായി പോരാടുന്ന താരമാണ്. അതുകൊണ്ട് തന്നെ കടുത്ത സൈബര്‍ ആക്രമണവും മാറ്റി നിര്‍ത്തലുമെല്ലാം പാര്‍വ്വതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ പോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ പാര്‍വ്വതി ഒരുക്കമല്ല. ഇപ്പോഴിതാ അമ്മയെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചുമൊക്കെ പാര്‍വ്വതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി. സിനിമാ രംഗത്ത് താനും അതിജീവിതയാണെന്നും അതേക്കുറിച്ച് ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍വ്വതി തിരുവോത്ത് പറയുന്നു. തനിക്ക് പറയാനുള്ളതെല്ലാം സിനിമയായി സംവിധാനം ചെയ്യും. കഴിഞ്ഞ നാല് വര്‍ഷമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ് താരം.
അമ്മയില്‍ അംഗമായിരുന്നപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ആയിരുന്നു നേരിടേണ്ടിവന്നിരുന്നത്. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ലെന്നും താരം പറയുന്നു. അമ്മയില്‍ അംഗമായിരിക്കെ ചില പ്രശ്നങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അപ്പോള്‍ ' അത് വിട് പാര്‍വതി, നമ്മള്‍ ഒരു കുടുംബം അല്ലേ. നല്ല ഡ്രസൊക്കെ ഇട്ട് വന്ന് ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് നമുക്ക് പോകാം' എന്നായിരുന്നു ലഭിച്ച മറുപടി. ടോയ്‌ലറ്റ് വേണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചതിനെക്കുറിച്ചും പാര്‍വ്വതി സംസാരിക്കുന്നുണ്ട്. മുതിര്‍ന്ന നടന്മാരില്‍ ചിലര്‍ക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചത്. തങ്ങളുടെ കൂടെ ആവശ്യമെന്ന നിലയിലാണ് ആ ആവശ്യം അംഗീകരിക്കപ്പെട്ടതെന്നാണ് പാര്‍വ്വതി ചൂണ്ടിക്കാണിക്കുന്നത്. ആ സംഭവത്തോടെ 'ബാത്‌റൂം പാര്‍വതി' എന്ന പേര് വരെ വീണു എന്നും താരം പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നില്‍ ഡബ്ല്യുസിസിയുടെ പ്രയത്നം ആണെന്ന് പലരും പറഞ്ഞത് കണ്ടു. ഇത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സങ്കടവും സന്തോഷവും ഉണ്ടായിരുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതായിരുന്നു. 16 പേരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സങ്കടം പങ്കുവെക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ഡബ്ല്യുസിസിയൂടെ രൂപീകരണത്തിലേക്ക് എത്തുന്നത്. അതിജീവിതയുടെ ഒരു തീരുമാനമാണ് എല്ലാവരുടേയും ജീവിതം മാറി മറിച്ചതെന്നും പാര്‍വ്വതി പറയുന്നു.
അതേസമയം ഉള്ളൊഴുക്കാന്‍ പാര്‍വ്വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശിയും പാര്‍വ്വതിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ഉള്ളൊഴുക്ക്.