നിവിൻ പോളിക്കട‌ക്കം അഡ്വാൻസ് കൊടുത്ത സിനിമയാണ്, വലിയ പ്രൊജക്ട് ആയപ്പോൾ അത് അടിച്ചോണ്ട് പോയി; സാന്ദ്ര തോമസ്

Update: 2024-12-16 11:26 GMT

പ്രൊ‍ഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഓരോ വെളിപ്പെടുത്തലുകളുമായി രം​ഗത്ത് വരികയാണ് നിർമാതാവ് സാന്ദ്ര തോമസ്. അസോസിയേഷൻ ഭാരവാഹികളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ സാന്ദ്ര തോമസ് മടിക്കുന്നില്ല. പൊതുവെ ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും പ്രബലരുടെ പേരെടുത്ത് പറയാൻ പലരും മടിക്കാറുണ്ട്. എന്നാൽ സംഘടനയുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സാന്ദ്ര ഭാരവാഹികളിലൊരാളായ ജി സുരേഷ് കുമാറിനെതിരെ വരെ പരസ്യമായ ആരോപണം ഇതിനകം ഉന്നയിച്ചു.

ഇപ്പോഴിതാ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നീക്കങ്ങൾ കാരണം തനിക്ക് നഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. 24 ന്യൂസിൽ സംസാരിക്കവെയാണ് ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സാന്ദ്ര വെളിപ്പെടുത്തിയത്. ഞാനുണ്ടാക്കി കൊണ്ട് വന്ന എന്റെ സിനിമയായിരുന്നു അത്. ഒരു സുപ്രഭാതത്തിൽ ആന്റോ ജോസഫ് എന്ന വ്യക്തി വന്ന് ആ സിനിമ അടിച്ച് കൊണ്ട് പോയി. ഞാൻ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി കൊടുത്തു. പ്രൊജക്ടിന് വാല്യു ഉണ്ടെന്ന് കണ്ടപ്പോൾ ആന്റോ ജോസഫ് വന്നതാണ്. വലിയ ബാനർ വന്നതോടെ സംവിധായകനും എഴുത്തുകാരനും അവരുടെ പിറകെ പോയി. ഞാൻ പരാതി കൊടുക്കാനുള്ള സാഹചര്യം ഇതെന്റെ മറ്റ് സിനിമകളെയും ബാധിക്കാൻ തു‌ടങ്ങിയതാണ്. ആ സമയത്ത് തന്നെയാണ് മങ്കി പെൻ, സക്കറിയയുടെ ​ഗർഭിണികൾ എന്നീ സിനിമകൾ ഞാൻ ചെയ്യുന്നത്.

മങ്കി പെൻ പോലെയുള്ള കുട്ടികളുടെ സിനിമ ചെയ്യുന്ന പ്രൊഡ്യൂസർക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമില്ലെന്നാണ് അവർ പറഞ്ഞ കാരണം. കഥയ്ക്ക് അഡ്വാൻസ് കൊടുത്ത് എഴുതിച്ച് അവർ പറഞ്ഞ സംവിധായകനും അഡ്വാൻസ് കൊടുത്തു. നിവിൻ പോളിക്കട‌ക്കം ഞാൻ അഡ്വാൻസ് കൊടുത്ത സിനിമയാണ്. വലിയ പ്രൊജക്ട് ആയിക്കഴിഞ്ഞപ്പോഴാണ് ഇത് അടിച്ചോണ്ട് പോകുന്നത്.

അന്ന് ഈ സിനിമയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും എന്നാണ്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി കൊടുത്തിട്ടും ഒരു അനക്കവുമില്ല. എന്തായി എന്ന് ഞാൻ ഇടയ്ക്കിടെ വിളിച്ച് ചോദിക്കുന്നുണ്ട്. ഏഴെട്ട് മാസങ്ങൾക്ക് ശേഷം ഓം ശാന്തി ഓശാന എന്ന പോസ്റ്റർ ഞാൻ കണ്ടു. സിനിമയുടെ പ്രൊഡ്യൂസർ അന്നത്തെ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായ ആൽവിൻ ആന്റണിയാണ്. ഇങ്ങനെയുള്ള അന്യായങ്ങൾ കണ്ട് മടുത്തിട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ അസോസിയേഷനിലേക്ക് വരുന്നത്. എന്നാൽ ഇന്ന് ലിസ്റ്റിനും ഈ സംഘത്തിന്റെ ഭാ​ഗമായി മാറുന്നെന്ന് സാന്ദ്ര തോമസ് തുറന്ന‌ടിച്ചു. 2014 ലാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്തത്. 

Tags:    

Similar News