രാജ്യത്തിന്റെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ട് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഹാബ്-ഒന്ന് (Hab-1) എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലഡാക്കിലെ ലേയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ പദ്ധതിയിടുന്ന ഗഗൻയാൻ അടക്കം രാജ്യത്തിന്റെ ഭാവി പദ്ധതികളിൽ സ്റ്റേഷനിലെ കണ്ടെത്തലുകൾ നിർണായകമായേക്കും. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെൻറ് കൗൺസിലിന്റെ പിന്തുണയോടെ ഐ.എസ്.ആർ.ഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ, എ.എ.കെ.എ സ്പേസ് സ്റ്റുഡിയോ, യൂനിവേഴ്സിറ്റി ഓഫ് ലഡാക്ക്, ഐ.ഐ.ടി ബോംബെ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതി ചെയ്യുന്ന ലഡാക്കിലെ വരണ്ട കാലാവസ്ഥയും തണുപ്പുമടക്കം സാഹചര്യങ്ങൾ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന പരീക്ഷണങ്ങൾക്ക് ഉതകുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി), ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് (ബി.എസ്.ഐ.പി) എന്നിവയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ലഡാക്കിന്റെ സവിശേഷ സാഹചര്യം ചാന്ദ്ര-ചൊവ്വ അനലോഗ് ഗവേഷണ കേന്ദ്രത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഹൈഡ്രോപോണിക്സ് കൃഷിത്തോട്ടം, അടുക്കള, ശുചിമുറി തുടങ്ങി അവശ്യസൗകര്യങ്ങൾ ഹാബ്-1ൽ സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷകർ പുതിയ സാങ്കേതികവിദ്യകൾ, റോബോട്ടിക് ഉപകരണങ്ങൾ, ബഹിരാകാശത്ത് വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വാഹനങ്ങൾ, ആവാസവ്യവസ്ഥകൾ, ആശയവിനിമയ മാതൃകകൾ, വൈദ്യുതി ഉൽപാദനം എന്നിവ പഠനവിധേയമാക്കും. ബഹിരാകാശ യാത്ര ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളുമടക്കം വിഷയങ്ങൾ പഠനവിധേയമാവും. 2035ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ബി.എ.എസ്) യാഥാർഥ്യമാക്കാനും 2040ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കാനും പദ്ധതിയിടുന്നതാണ് ഇന്ത്യയുടെ സ്പേസ് വിഷൻ 2047.
അനലോഗ് ദൗത്യങ്ങൾ എന്നാൽ
യഥാർഥ ബഹിരാകാശ പര്യവേക്ഷണത്തിന്റെ അവസ്ഥകളും വെല്ലുവിളികളും അനുകരിച്ച് ഭൂമിയിൽ നടത്തുന്ന പഠനങ്ങളാണ് അനലോഗ് ബഹിരാകാശ ദൗത്യങ്ങൾ. ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹങ്ങൾ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർ അഭിമുഖീകരിക്കുന്ന ജീവിത സാഹചര്യങ്ങൾ പകർത്താനാണ് ഇത്തരം ദൗത്യങ്ങൾ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രക്കിടെ സഞ്ചാരികൾക്കുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇവിടെ പഠനവിധേയമാവും. സ്റ്റേഷനിൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പരിശീലനം നേടുന്നവർ ‘അനലോഗ് ആസ്ട്രോനട്സ്’ എന്നാണ് അറിയപ്പെടുന്നത്.