ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം; പുത്തൻ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

Update: 2025-01-20 12:14 GMT

റീൽസ് പ്രേമികൾക്ക് ഇത് സന്തോഷവാർത്തയാണ്. റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മൂന്നു മിനിറ്റു വരെ ദൈർഘ്യമുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാം. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതിലാണ് മാറ്റം വന്നത്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്.

ഷോർട്-ഫോം വീഡിയോകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് അപ്ഡേറ്റ് പങ്കുവച്ചുകൊണ്ട് ആദം മൊസേരി പറഞ്ഞു. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളിലും ഇന്‍സ്റ്റഗ്രാം മാറ്റം കൊണ്ടുവന്നു. ഇൻസ്റ്റഗ്രാമിലെ സ്‌ക്വയർ പ്രൊഫൈൽ ഗ്രിഡുകൾക്ക് പകരമായി ദീർഘ ചതുരാകൃതിയിലുള്ള ഗ്രിഡുകളിലേക്കാണ് മാറ്റം. തീർന്നിട്ടില്ല ഫോണിൽ വീഡിയോകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ളവർക്കായി "എഡിറ്റ്സ്" എന്ന പേരിൽ ഒരു വീഡിയോ എഡിറ്റിംഗ് ആപ്പും ഇൻസ്റ്റാഗ്രാം പുറത്തിറക്കുകയാണ്. ഉയർന്ന നിലവാരമുള്ള എല്ലാ എഡിറ്റിംഗ് ടൂളുകളും ഇതിലുണ്ടാകുമെന്നാണ് മൊസേരി പറയുന്നത്. യുഎസില്‍ ടിക്‌ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Tags:    

Similar News