ക്രൂസ് ഷിപ്പുകളും നാവിക കപ്പലുകളും വിവിധ പരിപാടികളുമായി കൂടുതൽ സജീവമാകാനൊരുങ്ങി ഓൾഡ് ദോഹ തുറമുഖം. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന സമുദ്ര കേന്ദ്രമാക്കി ഓൾഡ് ദോഹ തുറമുഖത്തെ മാറ്റുമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു. കലണ്ടർ ഷെഡ്യൂൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രഥമ ഖത്തർ ബോട്ട് ഷോ വൻ വിജയമായതായും അദ്ദേഹം പറഞ്ഞു.
പ്രഥമ ഖത്തർ ബോട്ട് ഷോ ആയിരങ്ങളെ ആകർഷിക്കുന്നതായിരുന്നു. 495 പ്രദർശകരും ബ്രാൻഡുകളുടെയും പങ്കാളിത്തം പ്രദർശനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി -അൽ മുല്ല പറഞ്ഞു. 95 ബോട്ടുകളും വാട്ടർ ക്രാഫ്റ്റുകളും ഒരേസമയം പ്രദർശനത്തിനെത്തിയത് തുറമുഖത്തിന്റെ ശേഷിയെ അടയാളപ്പെടുത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദോഹ കോർണിഷിനോട് ചേർന്ന തുറമുഖത്തിന്റെ സ്ഥാനവും അത്യാധുനിക സൗകര്യങ്ങളും ആഢംബര, ക്രൂയിസ് കപ്പലുകളുടെ ഇഷ്ടപ്പെട്ട കേന്ദ്രമാക്കി ദോഹ ഓൾഡ്പോർട്ടിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായി ഫോബ്സ് മാസികയും തുറമുഖത്തെ വിശേഷിപ്പിച്ചിരുന്നു. ഒരേസമയം ആറായിരം യാത്രക്കാരെയും രണ്ട് ക്രൂയിസ് കപ്പലുകളെയും ഉൾക്കൊള്ളാൻ സാധിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ, കസ്റ്റംസ് സേവനങ്ങൾ സജ്ജമാണ് -സി.ഇ.ഒ വിശദീകരിച്ചു.