ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി
ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന് കരാർ പ്രകാരം രണ്ടാം ഘട്ട ചർച്ചകൾക്ക് വെടിനിർത്തൽ നിലവിൽ വന്ന് 16ആം തീയതിയോടെ തുടക്കം കുറിക്കണമെന്നായിരുന്നു നിർദേശം. കരാറിലെ കക്ഷികളായ ഹമാസും ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന് മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ദോഹയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ എന്ന് ആരംഭിക്കുമെന്ന് നിലവിൽ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ പ്രകാരമുള്ള വെടിനിർത്തലിൻെറ 16ആം ദിവസം ഫെബ്രുവരി മൂന്ന് തിങ്കളാഴ്ചയാണ്.
ഇരു വിഭാഗങ്ങളുടെയും പ്രതിനിധികൾ എവിടെ എത്തുമെന്നോ, എപ്പോൾ ചർച്ച നടക്കുമെന്നോ ഇതുവരെ വ്യക്തതയില്ലെന്നും ദോഹയിൽ തുർക്കിയ വിദേശകാര്യമന്ത്രി ഡോ. ഹകാൻ ഫിദാനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഹമാസും ഇസ്രായേലുമായും മധ്യസ്ഥർ ഫോൺ വഴി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അടുത്ത ഘട്ട ചർച്ചകൾക്കായി ഖത്തറിന്റെ നേതൃത്വത്തിൽ അജണ്ട നിശ്ചയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ തന്നെ കാര്യമായ നീക്കങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യഘട്ട വെടി നിർത്തൽ കാലാവധിയായ 42 ദിവസത്തിന് മുമ്പ് കരാറിലെത്തുന്നതിനായി ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിക്കേണ്ടത് നിർണായകമാണ്.
അതേസമയം, രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ജനുവരി മൂന്നാം വാരം പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ മൂന്നു ഘട്ടമായാണ് നടപ്പാക്കുന്നത്. ഇസ്രായേൽ ജയിലുകളിലുള്ള നൂറുകണക്കിന് ഫലസ്തീനി തടവുകാർക്ക് പകരമായി ഇതുവരെയായി 18 ബന്ദികളെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയക്കുമെന്നാണ് നേരത്തെയുള്ള ഉപാധികളിലൊന്ന്.