ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്ക് റമദാനിൽ സകാത്ത് ശേഖരിക്കാൻ അനുമതി നൽകി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനെം അൽ ഗാനെമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സാമൂഹിക വികസന, കുടുംബ മന്ത്രാലയം ജനറൽ മാനേജർ ജനറൽ ഇബ്രാഹിം അബ്ദുല്ല അൽ ദിഹൈമി, ഔഖാഫ് സകാത്ത് വകുപ്പ് മേധാവി മാലുല്ലാഹ് അബ്ദുറഹ്മാൻ അൽ ജാബർ, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് അഹ്മദ് അൽ കുവാരി, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി, വിവിധ ചാരിറ്റി കൂട്ടായ്മകളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സകാത്ത് ഫണ്ടുകൾ സ്വീകരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും വിതരണംചെയ്യുന്നതിനുമുള്ള നിയന്ത്രണം സംബന്ധിച്ച 2021ലെ 12ആം നമ്പർ നിയമപ്രകാരം സകാത്ത് ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ശരീഅത്ത് (ഇസ്ലാമിക നിയമവ്യവസ്ഥ) വിധികളും ചട്ടങ്ങളും യോഗത്തിൽ ചർച്ചചെയ്തു.
ദരിദ്ര ജനവിഭാഗങ്ങളെ പിന്തുണക്കുന്നതിലും സാമൂഹിക ഐക്യദാർഢ്യം ഉറപ്പാക്കുന്നതിലും സകാത്തിന്റെ പരമമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫണ്ട് മാനേജ്മെന്റിൽ മേൽനോട്ടം, സുതാര്യത, നല്ല ഭരണം എന്നിവ ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും യോഗത്തിൽ നിർദേശിച്ചു.