സമ്മർദങ്ങൾ ഏതുമില്ലാതെ ഉല്ലാസത്തോടെ ജനങ്ങൾ ജീവിക്കുന്ന നാട് ; ഖത്തർ മുൻപന്തിയിൽ
ജീവിത നിലവാര സൂചികയിലും സുരക്ഷിത നഗരമായും ക്ലീൻ സിറ്റിയായും ആഗോള തലത്തിലും മേഖലയിലും മുൻനിരയിലെത്തുന്ന ഖത്തറിനെ തേടി മറ്റൊരു നേട്ടം കൂടി എത്തുന്നു. സമ്മർദങ്ങളേതുമില്ലാതെ ഉല്ലാസത്തോടെ ജനങ്ങൾ ജീവിക്കുന്ന നാട് എന്ന നിലയിലും ഖത്തർ മുൻപന്തിയിലാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ‘സി.ഇ.ഒ വേൾഡ്’ മാഗസിൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന ‘മിന’ മേഖലയിൽ ഏറ്റവും കുറഞ്ഞ മാനസിക സമ്മർദമുള്ള രാജ്യമായാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. സി.ഇ.ഒ വേൾഡിന്റെ 2025ലെ ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടിൽ 84.3 പോയന്റ് സ്കോർ ഖത്തറിന് നൽകി. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ മാനസിക സമ്മർദമുള്ള മൂന്നാമത്തെ രാജ്യവും, ആഗോളാടിസ്ഥാനത്തിൽ 11ാമതുമാണ്. 197 രാജ്യങ്ങളാണ് സർവേയിൽ പങ്കെടുത്തത്.
സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിന്റെ കാര്യത്തിൽ ഏതൊക്കെ രാജ്യങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സംബന്ധമായ സമ്മർദം, സാമ്പത്തിക സമ്മർദം, സാമൂഹികവും കുടുംബപരവുമായ സമ്മർദം, ആരോഗ്യ സുരക്ഷാ സമ്മർദം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.