ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നും കാണ്ടാമൃഗ കൊമ്പും ആനകൊമ്പും പിടിച്ചെടുത്തു. 45.29 കിലോ ഗ്രാം തൂക്കം വരുന്ന 120 കൊമ്പുകളാണ് ഖത്തർ പരിസ്‍ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പിടിച്ചെടുത്തത്. വ്യത്യസ്ത വലിപ്പത്തിലും മുറിച്ചുപാകമാക്കിയ നിലയിലുമാണ് വൻ കൊമ്പു ശേഖരം കണ്ടെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതാണ് വന്യമൃഗങ്ങളുടെ കൊമ്പുകളെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്തവയിൽ ഏതാനും കൊമ്പുകളുടെ ചിത്രങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമ പേജ് വഴി പങ്കുവെച്ചു. ആനകൊമ്പ് ചെറുതായി മുറിച്ച് ഡിസൈൻ ചെയ്ത നിലയിലാണുള്ളത്.
കണ്ടാൽ ഭീരജീവിയെന്ന് തോന്നിക്കുന്ന കാണ്ടാമൃഗത്തിന്റെ കൊമ്പിനായി ആഗോള വിപണിയിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവയെ ജീവനോടെ പിടികൂടിയും കൊന്നും കൊമ്പുകൾ മുറിച്ചെടുക്കുന്നത് ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായതോടെ യു.എന്നിന്റെയും പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തിൽ ബോധവൽകരണവും സജീവമാണ്. വൻതോതിൽ ഔഷധഗുണമുണ്ടെന്ന വിശ്വാസത്തിലാണ് വിവിധ രാജ്യങ്ങളിലേക്ക് കാണ്ടാമൃഗ കൊമ്പിന്റെ കള്ളക്കടത്ത് നടക്കുന്നത്. അപൂർവമായ മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വംശനാശ ഭീഷണി നേരിടുന്ന ഈ ജീവി വർഗത്തിന്റെ സംരക്ഷണത്തിനായി ഇത്തരം കള്ളക്കടത്തിനെതിരെ ലോകരാജ്യങ്ങൾ ശക്തമായ ജാഗ്രത പാലിക്കുന്നുണ്ട്