ഖത്തറിലേക്കുള്ള വിസ നടപടികൾ പുനഃസ്ഥാപിച്ചു

Update: 2022-12-24 06:08 GMT


ഖത്തർ : ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള വീസ നടപടികൾ പുന:സ്ഥാപിച്ചു. ഓൺ അറൈവൽ വീസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. 30 ദിവസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി. എന്നാൽ ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നതനുസരിച്ചാണ് വീസ അനുവദിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും യാത്രാ ഏജൻസികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ സർക്കുലർ നൽകിയിട്ടുണ്ട്. ഓൺ അറൈവൽ വീസയിൽ എത്തുന്നവരുടെ കൈവശം 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് (ഡിസ്‌ക്കവർ ഖത്തർ വെബ്‌സൈറ്റ് മുഖേന മാത്രം ബുക്ക് ചെയ്തത്) എന്നിവ നിർബന്ധമാണ്. എല്ലാത്തരം സന്ദർശക വീസകൾക്കും ബിസിനസ്, കുടുംബ വീസകൾക്കും പഴയതു പോലെ അപേക്ഷ നൽകണം. ഹയാ കാർഡ് മുഖേന അനുവദിച്ച പ്രവേശനം ഇന്നലെ അവസാനിച്ചു.

Similar News