കാൽനട യാത്രക്കാർ നിർദിഷ്ട മേഖലകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നിർദേശങ്ങളിലൂടെയാണ് റോഡ് സുരക്ഷയുടെ പ്രധാന്യം അധികൃതർ അറിയിച്ചത്. തിരക്കേറിയ റോഡുകളിൽ കാൽനട യാത്രക്കാർ സീബ്രാലൈനുകൾ ഉപയോഗിക്കുക, ട്രാഫിക് പോയന്റുകളിൽ സൂചനയായ ‘ഗ്രീൻ’ സിഗ്നനലുകൾ അനുസരിച്ച് റോഡ് മുറിച്ചുകടക്കുക എന്നീ നിർദേശങ്ങൾ നൽകി. ട്രാഫിക് സിഗ്നലുകള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും നടപ്പാതകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അതോടൊപ്പം, മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ റോഡിന്റെ വലതു ട്രാക്ക് ഉപയോഗിക്കണമെന്ന് മറ്റൊരു പോസ്റ്റിൽ ട്രാഫിക് വിഭാഗം അറിയിച്ചു. നിർദേശം തെറ്റിച്ച് ബൈക്ക് ഓടിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ചുമത്തി തുടങ്ങിയിരുന്നു. മോട്ടോർ സൈക്കിൾ യാത്രികർ അപകടത്തിൽപെടുന്നത് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായി നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചു.