ഗാസയിലെ ഇസ്രയേൽ ആക്രമണം ; മധ്യസ്ഥത വഹിക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് ഖത്തർ
ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു
ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുമെന്ന സൂചന ഖത്തര്‍ പ്രധാനമന്ത്രി നല്‍കിയത്.
മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്. ചിലര്‍ ഖത്തറിനെതിരെ വിനാശകരമായ പ്രസ്താവനകളിറക്കിയെന്നും ആരുടെയും പേര് സൂചിപ്പിക്കാതെ അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടക്കം മുതല്‍ ഖത്തറിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റ് അംഗം സ്റ്റെനി ഹോയര്‍ നെതന്യാഹുവിന്റെ അതേ ഭാഷയില്‍ പ്രസ്താവനയിറക്കിയതാണ് ഖത്തറിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഗാസ വിഷയത്തില്‍ ചര്‍ച്ചകളില്‍ അനിശ്ചിതത്വം നേരിടുന്നതായും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്നും പിന്മാറിയാല്‍ ഗാസയിലെ സമാധാന ശ്രമങ്ങള്‍ വഴി മുട്ടും.