ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ ഗാർഹിക തൊഴിലാളികളുടെ പ്രശ്‍നം പരിഹരിക്കും ; വി മുരളീധരൻ
മസ്കറ്റ്: : തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍ ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി വി.മുരളീധരന്‍ മസ്‌കറ്റില്‍ പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ എംബസ്സിയുടെ അറിവില്‍ ഉള്ള വിഷയമാണ്, ഇതില്‍ ഇന്ത്യന്‍ എംബസിയും ഒമാന്‍ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്, അത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയുമെന്നുള്ളത് കൂടി സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി. കൊവിഡ് കാലഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇത്തരത്തിലുള്ള യാത്രകള്‍ പൊതുവെ വളരെ കുറയുകയുണ്ടായി, പക്ഷെ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചപ്പോള്‍ സ്വാഭാവികമായും ഈ ഗണത്തിലുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നാട്ടില്‍ നിന്നും ഇന്ത്യക്കാരായ ആള്‍ക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കബിളിപ്പിച്ചു ഒമാനിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെയും , പോലീസിന്റെയും അതുപോലെ ബന്ധപ്പെട്ട ഏജന്‍സികളുടെയും കൂടുതല്‍ സജീവമായിട്ടുള്ള ഒരു നിരീക്ഷണം ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും മന്ത്രി ആവശ്യപ്പെട്ടു.