വേതന സംരക്ഷണ സംവിധാനം അനുസരിച്ച് (ഡബ്ല്യ.പി.എസ്) ശമ്പളം കൈമാറുന്നതിന് മാർഗനിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായി വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുകൂടിയാണ് നിർദേശങ്ങൾ.
കൃത്യസമയത്ത് ശമ്പളം നൽകാത്ത തൊഴിലുടമകൾക്ക് ഉടൻ പിഴ ചുമത്താനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായ വേതനം നൽകുന്നതിന് സഹായിക്കുന്നതാണ് മാർഗനിർദേശങ്ങൾ. ജീവനക്കാരൻ ശമ്പളത്തിന് അർഹനായതുമുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണം. പണം ട്രാൻസ്ഫർ ചെയ്ത മാസമല്ല ശമ്പളം നൽകിയ മാസമാണ് രേഖപ്പെടുത്തേണ്ടത്.
എംപ്ലോയർ സി.ആർ നമ്പർ ഫീൽഡിൽ ഫയലിൽ ലിസ്റ്റുചെയ്തിരിക്കുന്ന തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലുടമയുടെ വാണിജ്യ രജിസ്ട്രേഷൻ നമ്പർ അടങ്ങിയിരിക്കണം. എല്ലാ തൊഴിലാളികൾക്കും സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. കൈമാറ്റം ചെയ്യപ്പെടുന്ന വേതനം കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം. ഏതെങ്കിലും അധിക അലവൻസുകൾ, ഓവർടൈം വേതനം അല്ലെങ്കിൽ കിഴിവുകൾ ഉണ്ടെങ്കിൽ അവ കൃത്യമായി വ്യക്തമാക്കിയിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഒമാനിലെ ജീവനക്കാർക്ക് വേതനം ശരിയായതും നിയമപരവുമായ കൈമാറ്റം ഉറപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വീണ്ടും ഓർമിപ്പിക്കുന്നുണ്ട്.