അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ
അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾക്കെതിരെ കർശന നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അൽ ഖിരാൻ, ഇത്തി പ്രദേശങ്ങളിലെ 16 അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ നീക്കം ചെയ്തു. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സംയുക്ത സഹകരണത്തോടെയായിരുന്നു നടപടി. ആകെ 17 സ്ഥലങ്ങളിലായിരുന്നു മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്.
രാജകീയ ഉത്തരവ് പ്രകാരം ( നമ്പർ 45/2007) പൊതു ഇക്കോ-ടൂറിസം മേഖലയായി നിയുക്തമാക്കിയ പ്രദേശമാണ് അൽ ഖിരാൻ. നിയുക്ത പ്രദേശത്തിനുള്ളിൽ ഏതെങ്കിലും സാമ്പത്തിക, ടൂറിസം അല്ലെങ്കിൽ മറ്റ് പദ്ധതികൾ സ്ഥാപിക്കുന്നത് ഈ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് അനുകൂലമായ കാലാവസ്ഥ അനുഭവപ്പെട്ടതോടെ ക്യാമ്പുകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അവധികൾ ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ക്യാമ്പിങ് ടെന്റുകളൊരുക്കാൻ മല കയറിയത്. മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട് ചേർന്നുള്ള സ്ഥലങ്ങൾ, ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധികപേരും ക്യാമ്പൊരുക്കാനായി പോകുന്നത്. മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും.