പീഡനവീരന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
"22 ഫീമെയിൽ കോട്ടയം' എന്ന സിനിമ അത്രപെട്ടെന്നൊന്നും മലയാളികൾക്കു മറക്കാനാകില്ല. ഫഹദ് ഫാസിലും റിമ കല്ലിംഗലും അഭിനയിച്ച, സാമുഹ്യവിഷയങ്ങൾ കൈകാര്യം ചെയ്ത സിനിമ സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്. തന്നെ ചതിച്ച കാമുകന്റെ (ഫഹദിന്റെ കഥാപാത്രം) ജനനേന്ദ്രിയം മുറിച്ചുമാറ്റി പ്രതികാരം ചെയ്യുന്ന യുവതി (റിമയുടെ കഥാപാത്രം) യുടെ കഥയാണ് സിനിമ. സിനിമാക്കഥയിൽനിന്ന് അൽപ്പം വ്യത്യസ്തമെങ്കിലും ലക്നൗവിൽ നിന്നുള്ള സംഭവം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ടു മുറിച്ചുമാറ്റിയതാണ് വാർത്തയായത്. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പുർ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ജോലിക്കുവന്ന യുവാവ് തന്നെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്ന് യുവതി പോലീസിനു മൊഴി നൽകി.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പീഡനശ്രമമെന്നും യുവതി. പീഡനശ്രമത്തിനിടെ കുതറിയോടിയ യുവതി അടുക്കളയിൽനിന്ന് കത്തിയുമായി തിരികെയെത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നൽകി.
പോലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു യുവാവ്. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ പ്രയാഗ് രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.