'അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യ'; യാസിന്‍ മാലിക് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം

Update: 2024-11-21 12:12 GMT

മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് പറഞ്ഞ് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 1990-ല്‍ ശ്രീനഗറില്‍ നാല് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും 1989-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യ സയീദിനെ തട്ടികൊണ്ടു പോവുകയും ചെയ്ത സംഭവത്തിലാണ് യാസിന്‍ മാലിക്കിനെതിരേ കേസ്.

രണ്ട് കേസുകളിലെയും മുഖ്യപ്രതി യാസിന്‍ മാലിക് ആണ്. ഇതിന്റെ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു യാസിന്റെ ആവശ്യം. ഇത് ജമ്മു കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത് സിബിഐ അപ്പീല്‍ പോകുകയായിരുന്നു.

യാസിനെ നേരിട്ട് ഹാജരാക്കുന്നത് ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേസിലെ സാക്ഷികള്‍ അപകടത്തിലായേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ജമ്മു കോടതി ഉത്തരവിനെ എതിര്‍ത്തത്. തീവ്രവാദ ഫണ്ടിങ് കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് യാസിന്‍.

Tags:    

Similar News