ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു ; അഭിഭാഷകനെ വെട്ടിപ്പരുക്കേൽപ്പിച്ച് കോടതി ജീവനക്കാരൻ , സംഭവം തമിഴ്നാട്ടിൽ
തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്. അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ നില ഗുരുതരമായി തുടരുകയാണ്.
ഹൊസൂരിൽ പട്ടാപ്പകൽ നടന്ന വധശ്രമം കോടതി ജീവനക്കാരൻ ആനന്ദ് കുമാറിന്റെ ഭാര്യ സത്യവതിയുടെ പ്രേരണയിലും അറിവോടെയും എന്നുമാണ് കൃഷ്ണഗിരി പൊലീസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ കണ്ണൻ, പ്രണയാഭ്യർത്ഥനയുമായി സത്യവതിയെ പിന്തുടരുകയും ഫോണിലേക്ക് തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ സത്യവതി ചെരുപ്പൂരി കണ്ണന്റെ മുഖത്തടിച്ചു. എന്നിട്ടും കണ്ണൻ പിന്മാറായതോടൊണ് ജനുവരിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അഭിഭാഷക അസോസിയേഷൻ ഇടപെട്ട് പരാതി ഒതുക്കിയെങ്കിലും ഇടവേളയ്ക്ക് ശേഷം കണ്ണൻ വീണ്ടും സന്ദേശങ്ങൾ അയക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് ഭർത്താവ് ആനന്ദിനോട് പരാതിപ്പെടുകയും കണ്ണന്റെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള പദ്ധതിയിടുകയും ചെയ്തത്. കണ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവ് കീഴടങ്ങിയെന്നറിഞ്ഞ സത്യവതി ഒളിവിൽ പോയിരുന്നു. എന്നാൽ പൊലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെടാനായില്ല. സത്യവതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെകടർ ആർ. നാഗരാജ് പറഞ്ഞു.