യുപിയിൽ ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും തിരഞ്ഞെടുക്കാന്‍ പുതിയ സംവിധാനം; സുതാര്യത ഉറപ്പാക്കാനെന്ന് യോഗി സര്‍ക്കാര്‍
ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും നിയമിക്കാൻ യു.പിയിൽ ഇനി യു.പി.എസ്.സി മാനദണ്ഡങ്ങൾ പിന്തുടരേണ്ടതില്ലെന്ന് യോഗി സർക്കാർ. തിങ്കളാഴ്ച അർധരാത്രി ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനലായിരിക്കും ഇനി ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പിനായി പുതിയ നിയമങ്ങളും കൊണ്ടുവന്നു.
ഈ നടപടിയോടെ സർക്കാർ ഇനി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പുതിയ ഡി.ജി.പിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പേരുകൾ അയയ്ക്കില്ല. ഡി.ജി.പി സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെ സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുക്കുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് മാർഗനിർദേശരേഖയിൽ വിശദീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടലുകൾക്ക് സാഹചര്യമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.
വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് പുറമേ സംസ്ഥാന ചീഫ് സെക്രട്ടറി, യു.പി.എസ്.സി നാമനിർദേശം ചെയ്യുന്ന വ്യക്തി, യു.പി പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാൾ, അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, വിരമിച്ച ഡി.ജി.പി എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പാനലിലെ മറ്റംഗങ്ങൾ. ഭേദഗതി പ്രകാരം ചുരുങ്ങിയത് രണ്ടുവർഷമായിരിക്കും ഡി.ജി.പിയുടെ സേവന കാലാവധി. പുതിയയാളെ നിയമിക്കുമ്പോൾ ഇയാൾക്ക് സർവീസിൽ ആറുമാസത്തെ സേവനം ബാക്കിയുണ്ടാകണം. ഇപ്പോഴത്തെ ഡി.ജി.പി പ്രശാന്ത് കുമാറിനെ തുടർച്ചയായ രണ്ടുവർഷത്തേക്ക് മുഴുവൻ സമയ ഡി.ജി.പിയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.