ഖോർഫുക്കാനിൽ പെരുന്നാൾ ദിവസമുണ്ടായ ബോട്ട് അപകടത്തിൽ പരിക്കേറ്റ ഏഴ് വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിൻറെയും മഞ്ജുഷയുടെയും മകൻ പ്രണവാണ് മരിച്ചത്. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലും (38) അപകടത്തിൽ മരിച്ചിരുന്നു.
ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേർ ബോട്ടിലുണ്ടായിരുന്നു. അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രണവ്. അബൂദബിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ് അറിയിച്ചിരുന്നു. ബോട്ട് ഓപറേറ്ററെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.