അപകടത്തിൽ പെട്ട് കാൽ മുറിച്ച് മാറ്റി ; പ്രവാസിക്ക് സഹായം എത്തിച്ച് ജുബൈൽ മലയാളി സമാജം
ദമ്മാം-ജുബൈൽ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ അകപ്പെട്ട് കാൽ മുറിച്ചു മാറ്റേണ്ടി വന്ന പ്രവാസിക്ക് ജുബൈൽ മലയാളി സമാജം സഹായമെത്തിച്ചു.ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കം മുഖേനയാണ് ഈ വിഷയം സമാജം ഹെൽപ് ഡെസ്ക് കൺവീനറും പൊതുപ്രവർത്തകനുമായ രാജേഷ് കായംകുളത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് ജനറൽ സെക്രട്ടറി ബൈജു അഞ്ചലും രാജേഷ് കായംകുളവും ചേർന്ന് താമസ സ്ഥലം സന്ദർശിച്ച് അവസ്ഥ വിലയിരുത്തി. വിവരങ്ങൾ അടിയന്തരമായി സമാജാംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം അവശ്യ വസ്തുക്കൾ ഷാജഹാൻ പൊടിക്കട ഉടനടി റൂമിലേക്ക് എത്തിച്ചു. മൂന്നു മാസമായി കുടിശ്ശികയായിരുന്ന റൂം വാടക അടയ്ക്കുന്നതിനായി ഒരു ആഴ്ച സമയം ലഭ്യമാക്കുകയും വേണ്ട തുക സമാഹരിച്ച് കൈമാറുകയും ചെയ്തു.
സമാഹരിച്ച തുക സമാജം രക്ഷാധികാരിയായ മൂസാ അറക്കലും വൈസ് പ്രസിഡൻറ് എബി ജോൺ ചെറുവക്കലും ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് കായംകുളത്തിനും കൈമാറി.
ബൈജു അഞ്ചൽ, എബി ജോൺ, നസ്കാറുദ്ദീൻ എന്നിവർ ചേർന്ന് തുക റൂമിൽ എത്തി കൈമാറി. എക്സിക്യുട്ടീവ് അംഗങ്ങളായ ഷഫീക് താനൂർ, അഷറഫ് നിലമേൽ, നസ്കാറുദ്ദീൻ പുനലൂർ, കുമാർ എന്നിവരും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് കായംകുളം നന്ദിയും പറഞ്ഞു.