യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ; പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി

Update: 2024-12-27 06:59 GMT

പ്രവാസികൾക്ക് പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.  പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്.

അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധിക ബാഗേജുണ്ടെങ്കിൽ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം. വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല. ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും. അതിനാൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുതിയ ബാഗേജ് പോളിസി നടപ്പാക്കാൻ നിർദേശിച്ച് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും സിഐഎസ്‍എഫും നേരത്തെ തന്നെ വിമാന കമ്പനികൾക്ക് അറിയിപ്പ് കൊടുത്തിരുന്നു.

എന്നാൽ 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 കിലോയും ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ വരെയും ഭാരമുളള ബാഗുകള്‍ കയ്യില്‍ കരുതാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി 7 കിലോഗ്രാം ഭാരമുള്ള ക്യാബിൻ ബാഗിനൊപ്പം 3 കിലോയിൽ താഴെ ഭാരമുള്ള ചെറിയ ബാഗ് കൂടി കൈവശം കരുതാം.

ലേഡീസ് പഴ്സ്, ചെറിയ ലാപ്ടോപ് ബാഗ് എന്നവയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്താം. 115 സെന്റ്മീറ്ററിൽ അധികമുള്ള ഹാന്റ് ബാഗുകൾ അനുവദിക്കില്ലെന്ന് ഇഡിഗോയും അറിയിച്ചിട്ടുണ്ട്. പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ, എയർപോർട്ട് സുരക്ഷാ ചുമതലയുള്ള BCASഉം CISFഉം ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതിനെ തുടർന്നാണ് വിമാനക്കമ്പനികളും സമാന സമീപനം സ്വീകരിക്കാൻ നിർബന്ധിതരായത്.

Tags:    

Similar News