കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് എം ടി വിയോഗത്തിലൂടെ നമുക്ക് സംഭവിച്ചിരിക്കുന്നത് . മലയാളസാഹിത്യത്തെ ലോകസാഹിത്യത്തിന്റെ ശ്രേണി യിലേക്ക് കൈപിടിച്ചുയർത്തിയ അതുല്യ പ്രതിഭയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത് . നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ് അദ്ദേഹം . എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.
അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത /കേൾക്കാത്ത / വായിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ലെന്നത് നമ്മുടെ മനസ്സുകളിൽ അദ്ദേഹത്തിന്റെ വിശിഷ്ട സ്ഥാനം അടയാളപ്പെടുത്തുന്നു . ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. മലയാളത്തിന്റെ ഈ മഹാപ്രതിഭയുടെ നിര്യാണത്തിൽ ഓർമ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു ; ആദരാജ്ഞലികൾ അർപ്പിക്കുന്നു