'ഞാൻ 40-45 ഇഡ്ഡലി കഴിക്കുമായിരുന്നു, അദ്ദേഹം കഴിക്കുന്നത് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതും': സുരേഷ് കൃഷ്ണ

Update: 2025-01-01 10:17 GMT

കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് സുരേഷ് കൃഷ്ണ ചെയ്തിട്ടുള്ളത്. അടുത്തിടെ സുരേഷ് കൃഷ്ണയു‌ടെ വില്ലൻ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായിരുന്നു. കൺവിൻസിം​ഗ് സ്റ്റാർ എന്ന് സോഷ്യൽ മീഡിയ നടനെ വിളിച്ചു. തമാശയായാണ് ഈ ട്രോളുകൾ സുരേഷ് കൃഷ്ണ കണ്ടത്. ഇപ്പോഴിതാ നടൻ മമ്മൂട്ടി തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ അനുഭവം പങ്കുവെച്ചത്. പണ്ട് ഒട്ടും ആരോ​ഗ്യം നോക്കാത്ത ആളായിരുന്നു. ചായയും കാപ്പിയും കുടിച്ചിട്ട് 37 വർഷത്തോളമായി. സിനിമയിൽ വന്ന ശേഷം അധികവും മമ്മൂക്കയുടെ കൂടെയായിരുന്നു അഭിനയിച്ചത്. ആരംഭ കാലത്ത് തന്നെ മമ്മൂക്കയുടെ അടുത്ത വലയത്തിലെത്താനുള്ള ഭാ​ഗ്യം ലഭിച്ചയാളാണ്. അദ്ദേഹത്തിന്റെ ഭക്ഷണക്രമം കാണുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും പൈസയും ജോലിക്കാരുമുണ്ട്. എന്നാൽ പോലും അദ്ദേഹം കഴിക്കുന്നത് കുറച്ച് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമൊക്കെയാണ്.

ഒരാൾ അയാളുടെ തൊഴിലിന് വേണ്ടി മാത്രമാണ് ആരോ​ഗ്യത്തെ ഇങ്ങനെ നിലനിർത്തുന്നത്. അത് തനിക്ക് പ്രചോ​ദനമായെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുമ്പ് തന്റെ ആഹാര രീതി മോശമായിരുന്നെന്ന് സുരേഷ് കൃഷ്ണ പറയുന്നു. ബ്രേക്ക് ഫാസ്റ്റിന് ഞാൻ 40-45 ഇഡ്ഡലി കഴിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയം. നിർമാതാവ് ഹനീഫ ഹസന്റെ മകൻ അസ്കർ എന്റെ അടുത്ത സുഹൃത്തായിരുന്നു. അസ്കറിന്റെ സിനിമയിലാണ് ആദ്യമായി ഞാൻ തല കാണിക്കുന്നത്. ആദ്യത്തെ ദിവസത്തെ ഷൂട്ടിം​ഗ്. സബിത ആനന്ദ് നായിക. നായകൻ രഘുവരൻ. അവരെല്ലാം അവിടെയുണ്ട്. രണ്ട് ഇഡ്ഡലിയും വടയുമാണ് സെറ്റിൽ എനിക്ക് ബ്രേക്ക് ഫാസ്റ്റ്. അഞ്ച് പ്രാവശ്യം വാങ്ങിച്ചാലും പത്ത് ഇഡ്ഡലിയേ ആകൂ. 40 ഇഡ്ഡലി പോലും കഴിച്ചാലും മതിയാകാത്ത ആളാണ്. വളരെ മെലിഞ്ഞിട്ടായിരുന്നു ഞാൻ. വണ്ണം വെക്കാൻ വേണ്ടി ആരെന്ത് പറഞ്ഞാലും കഴിക്കും. അസ്കർ പറഞ്ഞതോടെ ഇടയ്ക്ക് ബിസ്കറ്റും കരിക്കുമൊക്കെ ലഭിച്ചെന്നും സുരേഷ് കൃഷ്ണ ഓർത്തു.

മമ്മൂട്ടി തന്നെ പ്രൊമോട്ട് ചെയ്തോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ പുള്ളി പറയില്ല. സംവിധായകർ എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ആ സമയത്തും ഇപ്പോഴും മമ്മൂട്ടിക്ക് കംഫർട്ടബിളായവരെയായിരിക്കും സിനിമകളിൽ കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ ചോദിക്കുമ്പോൾ അവൻ കുഴപ്പമില്ല, ഇട്ടേക്ക് എന്ന് പറഞ്ഞിരിക്കാമെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി. ആഡംബരങ്ങളില്ലാതെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് താനെന്നും സുരേഷ് കൃഷ്ണ പറയുന്നു. അത്രയൊന്നും പണം ഇതിൽ നിന്നും കിട്ടുന്നില്ല. അടുത്ത കാലം വരെ ചെറിയ പൈസയ്ക്കാണ് ഞാൻ അഭിനയിച്ചത്. ഒരു ടീമിനെ ഇഷ്ടപ്പെട്ടാൽ അവരോ‌ടൊപ്പം വർക്ക് ചെയ്യുക എന്നതാണ് എന്റെ പ്രയോരിറ്റി. അതുകൊണ്ടാണ് ഇന്നും എന്നെ പല കമ്പനികളും നിരന്തരമായി വിളിക്കുന്നത്. ഒരു സിനിമാക്കാരനെയും ഇന്ന് വരെ താൻ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.

Tags:    

Similar News