ഫോണില്‍ കിട്ടാത്തയാളാണ്, സിനിമകള്‍ നഷ്ടമായിട്ടുണ്ട്, ആ ശീലം മാറ്റില്ല; ആസിഫ് അലി
പോയ വര്‍ഷം തുടരെ തുടരെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമ്മാനിച്ച് 2024 തന്റേതാക്കി മാറ്റിയിരുന്നു ആസിഫ് അലി. തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള ആസിഫ് അലിയുടെ തിരിച്ചുവരവ് ഒരു മധുര പ്രതികാരം കൂടിയാണ്. കിഷ്‌കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, തലവന്‍, ലവല്‍ ക്രോസ് എന്ന സിനിമകളിലൂടെയാണ് ആസിഫ് അലി പോയ വര്‍ഷം കയ്യടി നേടിയത്. തന്റെ പ്രതിഭ കൊണ്ട് പലപ്പോഴും ആസിഫ് അലി ഞെട്ടിച്ചിട്ടുണ്ട്. അതേസമയം തന്റെ ശീലത്തിന്റെ പേരില്‍ ആസിഫ് അലി വിമര്‍ശനം നേരിടുകയും ചെയ്തിട്ടുണ്ട്. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലം ആസിഫ് അലിയ്ക്ക് ഇല്ല എന്നൊരു ആരോപണം പൊതുവെ മലയാള സിനിമയിലുണ്ട്.
ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. കുടുംബം മാസികയ്ക്ക് നല്‍കിയ അഭിിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്. ഫോണില്‍ കിട്ടാത്തയാളാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആസിഫ് അലി. '' അത് എന്റെ മോശം സ്വഭാവമാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മള്‍ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു ഫോണ്‍കാള്‍ വന്നിട്ടില്ല. ഞാനിതിനിടയില്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാന്‍ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കില്‍ കിട്ടില്ല.'' എന്നാണ് താരം പറയുന്നത്.
പക്ഷെ ഞാന്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ എന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നടന്നു പോകണം. അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാല്‍ ഫോണില്‍ കിട്ടാത്തതു കൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരും. എന്ന വിശ്വാസമുള്ളതു കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം കിഷ്‌കിന്ധാ കാണ്ഡം നല്‍കിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. ആ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. രേഖചിത്രമാണ് ആസിഫ് അലിയുടെ പുതിയ സിനിമ. അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന സിനിമ മലയാളത്തില്‍ ഇതുവരെ കാണാത്ത ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കഥ പറച്ചില്‍ പരീക്ഷിക്കുന്ന സിനിമയാണ്. പിന്നാലെ ടിക്കി ടാക്ക അടക്കമുള്ള വലിയ സിനിമകള്‍ ആസിഫ് അലിയുടേതായി അണിയറയിലുണ്ട്.