അച്ഛനിലെ ഒരുപാട് ഗുണങ്ങൾ ആന്റണിയിൽ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതി; കീർത്തി സുരേഷ്
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീർത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ശ്രദ്ധിച്ചു. തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന കീർത്തിക്ക് എങ്ങനെ പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞെന്ന് പലർക്കും അത്ഭുതമാണ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്.
പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രംഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സിനിമാ രംഗത്ത് നിന്നുള്ളവരല്ല. പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരും. തട്ടിൽ വളരെ മീഡിയ ഷൈ ആയ ആളാണ്.
2017 ൽ അടുത്ത സുഹൃത്ത് ജഗ്ദിഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങൾ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ഞങ്ങൾക്കൊപ്പം എപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടാകും. കപ്പിൾ ട്രിപ്പിനേക്കാൾ ഞങ്ങൾക്കിഷ്ടം അതാണ്. ഒപ്പം സ്വകാര്യതയും സുരക്ഷിതത്വവും ഉണ്ടാകും. 13 വർഷം ഡേറ്റ് ചെയ്ത ശേഷം രണ്ട് വർഷം മുമ്പാണ് ഞങ്ങൾ ആദ്യമായി സോളോ ട്രിപ്പ് പോയത്. രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ആ യാത്ര. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേർന്നു. ഇന്ന് ആലോചിക്കുമ്പോൾ പ്രണയം പുറത്താരും കണ്ട് പിടിച്ചില്ലല്ലോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും കീർത്തി പറയുന്നു. വിവാഹ ദിനത്തെക്കുറിച്ചും കീർത്തി സംസാരിച്ചു. ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷെ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു.
വിവാഹം ഒരു ഇമോഷണൽ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആഗ്രഹിച്ചതാണിത്. വളരെ ശക്തമായി പ്രണയം തുടങ്ങിയതല്ല. സാധാരണ പോലെ ഡേറ്റ് ചെയ്തു. അന്ന് ഞാൻ പ്ലസ് ടുവിലാണ്. അദ്ദേഹത്തിന് എന്നേക്കാൾ ഏഴ് വയസ് കൂടുതലുണ്ട്. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. ആന്റണി ഖത്തറിൽ വർക്ക് ചെയ്യുകയായിരുന്നു. നാലഞ്ച് വർഷത്തിന് ശേഷം തിരിച്ച് വന്ന് സ്വന്തമായി ബിസിനസ് തുടങ്ങി. ഞാൻ ആക്ടിംഗ് കരിയറിലേക്ക് കടന്നു. ആന്റണി തട്ടിൽ എന്നെ എപ്പോഴും പിന്തുണച്ചു. പെൺകുട്ടികൾക്ക് അവരുടെ അച്ഛനാണ് സൂപ്പർ ഹീറോ. അച്ഛൻ കഴിഞ്ഞാൽ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പർഹീറോയെന്ന് ഞാൻ കരുതുന്നു. അച്ഛനിലെ ഒരുപാട് ഗുണങ്ങൾ ആന്റണിയിൽ താൻ കണ്ടിട്ടുണ്ടെന്നും കീർത്തി പറയുന്നു.
ഇവളെ ലഭിച്ചതിൽ ഇവൻ ഭാഗ്യവാനാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ എന്നെ വിശ്വസിക്കൂ, അദ്ദേഹത്തെ ലഭിച്ചതിൽ ഞാനാണ് ഭാഗ്യവതി. ഒരാൾക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരിക്കുക എളുപ്പമല്ല. എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിർബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭർത്താവെന്നും കീർത്തി സുരേഷ് പറഞ്ഞു.