ആകാശത്തു നിന്നും എടുക്കാതെ താഴെ നിന്നും എടുത്തൂടേ എന്ന് ചോദിച്ചിട്ടുണ്ട്, ഇന്റര്‍വ്യു കാരണം ഹേറ്റ്; അനശ്വര രാജന്‍

Update: 2025-01-02 12:37 GMT

യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ അനശ്വരയ്ക്ക് സാധിച്ചു. പോയ വര്‍ഷങ്ങളിലെ വിജയക്കുതിപ്പ് ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രേഖാചിത്രത്തിലൂടെ അനശ്വര. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര രാജന്‍. ഒരു അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. താര ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. അതിനാല്‍ സ്വകാര്യത പലപ്പോഴും ഹനിക്കപ്പെടും. അതേക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്.

ഞാനെപ്പോഴും ഓടിച്ചാടി നടക്കുന്ന ആളാണ്. പക്ഷെ എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. ഓടിച്ചാടി നടക്കുമ്പോള്‍ ആളുകള്‍ പറയുക അറ്റന്‍ഷന്‍ സീക്കിംഗ് ആണ്, ഓവര്‍ സ്മാര്‍ട്ട് ആണ് എന്നൊക്കെയാണ്. ക്യാമറ ഇല്ലെങ്കില്‍ ഇതിലും ലൗഡ് ആയിരിക്കും ഞാന്‍. ക്യാമറയുള്ളപ്പോള്‍ ഒന്ന് ഒതുങ്ങുന്നതാണ്. അതേസമയം പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നില്ലെങ്കിലും എനിക്ക് അംഗീകരിക്കാനാകില്ല. ഞാന്‍ നടിയാണ്, എന്നെ ആളുകള്‍ക്ക് അറിയണം. എന്നെ ആളുകള്‍ തിരിച്ചറിയാതോ പോകുന്ന സാഹചര്യം അംഗീകരിക്കാന്‍ പറ്റുന്നതല്ല. ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷം നല്‍കുന്നതാണ്. സ്വകാര്യത നഷ്ടപ്പെടുന്നുവെന്നത് ഈ ജോലിയുടെ ഭാഗമാണെന്നാണ് അനശ്വര പറയുന്നത്.

കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ക്യാമറ വെക്കുന്ന ആംഗിള്‍, അതിപ്പോള്‍ നോര്‍മല്‍ വസ്ത്രം ധരിച്ച് വരുന്ന ആളാണെങ്കിലും, വെക്കുന്നത് ബുദ്ധിമുട്ടാണ്. എന്റെ കാര്യം മാത്രമല്ല. മറ്റൊരാളുടെ വീഡിയോ മോശമായി കമന്റ് കാണുമ്പോഴും ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും താരം പറയുന്നു. പാപ്പരാസികള്‍ക്ക് നിയന്ത്രണം വേണമെന്നും അനശ്വര പറയുന്നുണ്ട്.

''പരിധി വേണം. നോര്‍മല്‍ വീഡിയോ എടുക്കുകയാണെങ്കില്‍ പ്രശ്‌നമില്ല. ഇതുപക്ഷെ അത്തരമൊരു ആംഗിളില്‍ തന്നെ എടുക്കുന്നതാണ്. ഒരിക്കല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കിത് ആകാശത്തു നിന്നും എടുക്കാതെ താഴെ നിന്നും എടുത്തൂടേ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അതൊരു ആണിന്റെ വീഡിയോ അങ്ങനെ എടുത്താലും മോശമായേ തോന്നുകയുള്ളൂ. കുറേ സമയത്ത് ഇവര്‍ക്ക് താഴെ നിന്നും എടുത്തൂടേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. '' എന്നാണ് താരം പറയുന്നത്. ക്യാമറക്കണ്ണുകളെ ഭയന്ന് പലപ്പോഴും വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

''കുറേ ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നാമത് എനിക്ക് കംഫര്‍ട്ട് പ്രധാനമാണ്. ഇവരോട് എനിക്ക് പറയാനേ സാധിക്കുകയുള്ളൂ. ഷൂട്ട് ചെയ്യുന്ന സമയത്ത് അവര്‍ മാറ്റുന്നില്ലെങ്കില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആകും. പല ആംഗിളില്‍ നിന്നും എടുക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകും. അങ്ങനെ വരുമ്പോള്‍ എനിക്ക് മറ്റുള്ളതൊന്നും ശ്രദ്ധിക്കാന്‍ പറ്റാതാകും. ആ സാഹചര്യം ഒഴിവാക്കാന്‍ കവര്‍ ചെയ്താകും പോവുക. ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.'' എന്നാണ് താരം പറയുന്നത്.

ഇന്റര്‍വ്യുകള്‍ കാരണം കുറേ ഹേറ്റ് കിട്ടിയിട്ടുണ്ട്. ഞാന്‍ ഓവര്‍ സ്മാര്‍ട്ട് ആണെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം അഭിമുഖങ്ങളില്‍ ആ അതെ എന്നൊക്കെ പറഞ്ഞ് തുടങ്ങി. എന്നെ അറിയുന്നവര്‍ കണ്ടിട്ട് നീ എന്താ അങ്ങനെ സംസാരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ മാറി. അതൊന്നും മൈന്റ് ചെയ്യാതായി. അഭിമുഖത്തില്‍ പലപ്പോഴും ചോദ്യങ്ങള്‍ വ്യക്തിപരമാകാറുണ്ട്. ഏറ്റവും വലിയ കോമഡി തമ്പ് നെയ്ല്‍സ് ആകും. ഞാന്‍ വിളിച്ച് തമ്പ്‌നെയ്ല്‍ മാറ്റാന്‍ പറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അനശ്വര പറയുന്നുണ്ട്.

Tags:    

Similar News