ആ സിനിമ കാരണം ശ്രുതിയ്ക്ക് സ്കൂളിൽ നാണക്കേടുണ്ടായി, കുട്ടി നുണ പറയുന്നുവെന്ന് അവർ പറഞ്ഞു; കമൽഹാസൻ
കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ സിനിമയാണ് അപൂർവ സഹോദരങ്ങൾ. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സിൻഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. പാൻ ഇന്ത്യൻ സിനിമയെന്ന രീതിയിൽ ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമ കൂടിയാകും അപൂർവ സഹോദരങ്ങൾ. രാജ്യവ്യാപകമായി വലിയ വിജയം സിനിമ നേടി.
ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പു എന്ന കുള്ളൻ കഥാപാത്രം പ്രേക്ഷകർക്ക് എന്നും ഒരു വിസ്മയമാണ്. ടെക്നോളജി ഒട്ടും പുരോഗമിക്കാത്ത കാലത്താണ് കമൽഹാസൻ കുള്ളൻ കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കിയത്. ഈ സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ കുള്ളനായി തന്നെയാണ് കമൽഹാസൻ എത്തിയത്.
എങ്ങനെയാണ് കുള്ളനായി അഭിനയിച്ചതെന്നോ അല്ലെങ്കിൽ ആ മേക്കോവറിന്റെ രഹസ്യമോ കമലോ സിനിമയുടെ അണിയറപ്രവർത്തകരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം നടക്കുന്നത് മുഴുവൻ ഒരു സർക്കസ് കൂടാരവുമായി ബന്ധപ്പെടുത്തിയും അതിന്റെ പശ്ചാത്തലത്തിലുമാണ്. സർക്കസ് രംഗങ്ങൾ ചിത്രീകരിക്കാൻ ആന അടക്കമുള്ള മൃഗങ്ങളെ വരെ ഒരു മാസത്തോളം വീനസ് സ്റ്റുഡിയോയിൽ കൊണ്ടുവന്ന് കമൽഹാസനും സിനിമയുടെ അണിയറപ്രവർത്തകരും സംരക്ഷിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമ കാരണം മകൾ ശ്രുതി സ്കൂളിൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉലകനായകൻ. അടുത്തിടെ അപൂർവ സഹോദരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ഒത്തുകൂടി അപൂർവ സിൻഗീതം എന്ന പരിപാടി സംഘടിപ്പിച്ചപ്പോഴാണ് രസകരമായ സംഭവം കമൽഹാസൻ പങ്കുവെച്ചത്.
അപൂർവ സഹോദരങ്ങൾ സിനിമ കാരണം ശ്രുതിക്ക് ഒരിക്കൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് അവൾക്ക് നാല് വയസ് മാത്രമെ പ്രായമുള്ളു. ഒരു ദിവസം ശ്രുതി സ്കൂളിലേക്ക് വൈകിയാണ് പോയത്. എന്തുകൊണ്ടാണ് വൈകിയതെന്ന് ടീച്ചർ ചോദിച്ചു. ഞങ്ങൾക്ക് സിംഹത്തിനും കടുവകൾക്കും ഭക്ഷണം നൽകേണ്ടതായി ഉണ്ടായിരുന്നുവെന്ന് ശ്രുതി മറുപടി പറഞ്ഞു. ടീച്ചർ കൂടുതൽ അവളോട് ചോദ്യങ്ങൾ ചോദിച്ചു. നിനക്ക് ആനയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് ശ്രുതി മറുപടി പറഞ്ഞു.
അതെ ഞങ്ങൾക്ക് ഒരു ആനയും നാല് പെലിക്കനുകളും നൃത്തം ചെയ്യാൻ കഴിയുന്ന ആറ് പോമറേനിയൻ പട്ടികളുമുണ്ടെന്ന് ശ്രുതി ആത്മവിശ്വാസത്തോടെ മറുപടി നൽകി. ശ്രുതിയുടെ മറുപടി കേട്ട് പിറ്റേദിവസം എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു. കുട്ടി വല്ലാതെ നുണ പറയുന്നുവെന്ന് എന്നോട് അവർ പറഞ്ഞു.
ഞാൻ പറഞ്ഞു ശ്രുതി പറഞ്ഞത് നുണയല്ല സത്യമാണെന്നും ഒരു സർക്കസ് പാർട്ട് ഞങ്ങൾക്ക് വീനസ് സ്റ്റുഡിയോയിലുണ്ടെന്നും. ഒരു മാസത്തോളം സ്റ്റുഡിയോയിൽ ഞങ്ങൾക്ക് ഒരു സർക്കസ് കൂടാരമുണ്ടായിരുന്നു. മൃഗങ്ങളേയും സംരക്ഷിച്ചിരുന്നു എന്നാണ് കമൽഹാസൻ രസകരമായ അനുഭവം പങ്കിട്ട് പറഞ്ഞത്. പഞ്ചു അരുണാചലത്തിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയത് കമൽഹാസനും ക്രേസി മോഹനും ചേർന്നായിരുന്നു. കമൽഹാസൻ തന്നെയാണ് അപൂർവ സഹോദരങ്ങൾ നിർമ്മിച്ചതും. ജയശങ്കർ, നാഗേഷ്, ഗൗതമി, രൂപിണി, മനോരമ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ ചിത്രത്തിൽ അവതരിപ്പിച്ചത്.