ബറോസിന്റെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം; റേഡിയോ കേരളം ആർ ജെക്കും മോഹൻലാലിന്റെ അഭിനന്ദനം
മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ദുബൈയിലെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം. ചിത്രത്തിലെ ഇസബെല്ല എന്ന ഗാനമാലപിച്ച റേഡിയോകേരളം ആർ ജെ ദീപക് നമ്പ്യാരാണ് മോഹൻലാലിന്റെ മനം കവർന്നത്.
ഗാനത്തിന് പിന്നാലെ, സംവിധായകൻ എന്ന നിലയിൽ ഏത് മേഖലയിലാണ് ഏറ്റവും സന്തോഷിച്ചതെന്ന ദീപകിന്റെ ചോദ്യത്തിന് ദീപക്ക് ഇപ്പോൾ പാടിയത് കേട്ടിട്ടാണ് സംവിധായകനെന്ന നിലയിൽ തനിക്കേറ്റവും സന്തോഷം തോന്നിയതെന്നും ഷാൻ വേണ്ടായിരുന്നല്ലോ എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.
കഴിഞ്ഞ ദിവസം ദുബൈമാളിൽ നടന്ന ബറോസിന്റെ പ്രമോഷനിടെയായിരുന്നു മോഹൻലാലിൽ നിന്ന് റേഡിയോകേരളം 1476 എഎമ്മിന് ഈ അസുലഭനിമിഷം സമ്മാനമായി ലഭിച്ചത്. 10 വർഷമായി പിന്നണിഗാനരംഗത്തുള്ള ആർ ജെ ദീപക്ക് നമ്പ്യാർക്ക്, ഇസബെല്ല എന്ന ഗാനത്തിന്റെ കവർ സോംഗ് പാടി പുറത്തിറക്കിയ അന്ന് വൈകുന്നേരം തന്നെയാണ് മോഹൻലാലിൽ നിന്ന് നേരിട്ട് ഇത്തരത്തിൽ ഒരു അനുമോദനം കിട്ടിയത്.
ഇന്ത്യയുടെ നിധികളിലൊന്ന് എന്ന് എ.ആർ.റഹ്മാൻ വിശേഷിപ്പിച്ച, 19 കാരൻ ലിഡിയൻ നാദസ്വരം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനത്തിന്റെ മലയാളം മോഹൻലാലും ഹിന്ദി വേർഷൻ ബോളിവുഡ് ഗായകൻ ഷാനുമാണ് പാടിയിരിക്കുന്നത്.