കൊലപാതകക്കേസിലേക്ക് പേര് വലിച്ചിഴച്ചു, അടിസ്ഥാനരഹിതം; പരസ്യമായി മാപ്പുപറയണം; ബി.ജെ.പി എം.എൽ.എക്കെതിരെ നടി
ബി.ജെ.പി എം.എൽ.എ സുരേഷ് ആർ.ധസിനെതിരെ പരാതിയുമായി പ്രശസ്ത മറാഠി സിനിമ-സീരിയൽ താരം പ്രജക്ത മലി. മസ്സാജോഗ് സർപാഞ്ച് ആയിരുന്ന സന്തോഷ് പണ്ഡിറ്റ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് പ്രജക്ത പരാതിപ്പെടുന്നത്. സുരേഷ് ധസിന്റെ പ്രസ്താവന തന്റെ സ്വഭാവത്തേയും പ്രശസ്തിയേയും ലക്ഷ്യംവെച്ചുള്ളതാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. എം.എൽ.എ പരസ്യമായി മാപ്പുചോദിക്കണമെന്ന് പ്രജക്ത ആവശ്യപ്പെട്ടു. എം.എൽ.എക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനേയും സമീപിക്കാനാണ് അവരുടെ തീരുമാനം.
ബീഡിലെ ഒരു റാക്കറ്റിനെതിരെ ശബ്ദമുയർത്തിയതിന് മസ്സാജോഗ് ഗ്രാമത്തിലെ സർപഞ്ചായ ദേശ്മുഖിനെ ഈ മാസം ആദ്യം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. എൻ.സി.പി മന്ത്രി ധനഞ്ജയ് മുണ്ടെയെയും കൊലപാതകത്തിൻ്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ അടുത്ത സഹായി വാൽമിക് കരാഡിനെയും വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് ധസ് പ്രജക്തയുടെ പേരും പരാമർശിച്ചത്. ധനഞ്ജയ് മുണ്ടെയുടെ ജന്മനാടും മണ്ഡലവുമായ പർലി പ്രജക്തയെപ്പോലുള്ള നടിമാർക്ക് സുപരിചിതമാണെന്നാണ് പരിഹാസരൂപേണ ധസ് പറഞ്ഞത്. ഇതിനെതിരെയാണ് പ്രജക്ത ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനായ സ്വദേശ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രജക്ത മലി. കഴിഞ്ഞ കുറേ നാളുകളായി താൻ മാനസികമായി ഏറെ വിഷമംനിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി പറഞ്ഞു. തന്നെ അപഖ്യാതിപ്പെടുത്താനാണ് ധസ് ശ്രമിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കണമെന്നും അവരാവശ്യപ്പെട്ടു.
"ഞങ്ങൾ കലാകാരന്മാരാണ്. ക്ഷണിക്കപ്പെടുമ്പോൾ ഞങ്ങൾ പൊതു, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നു. കലാകാരന്മാരെ, പ്രത്യേകിച്ച് എന്നെപ്പോലുള്ള വനിതാ കലാകാരന്മാരെ, ഇത്തരത്തിൽ ലക്ഷ്യംവെയ്ക്കുകയാണെങ്കിൽ, അത് മോശമായ ഒരു മാതൃക സൃഷ്ടിക്കും. എനിക്കും മറ്റുചില നടിമാർക്കുമെതിരെ ധസ് നടത്തിയ പരിഹാസം മോശവും തീർത്തും അടിസ്ഥാനരഹിതവുമാണ്. മുഖ്യമന്ത്രി ഇടപെട്ട് ശക്തമായ നടപടി ഉറപ്പാക്കണം. അദ്ദേഹവുമായി അപ്പോയിൻ്റ്മെൻ്റ് തേടിയിട്ടുണ്ട്. ധസിനെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു", മലി കൂട്ടിച്ചേർത്തു.
എന്നാൽ, മാപ്പുപറയാൻ ഒരുക്കമല്ലെന്നാണ് സുരേഷ് ധസ് പ്രതികരിച്ചത്. മലിയോട് മാപ്പ് ചോദിക്കുന്ന പ്രശ്നമില്ല. യഥാർത്ഥ വിഷയമായ ദേശ്മുഖ് വധക്കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത് ചെയ്യുന്നതെന്ന് താൻ കരുതുന്നതായും അദ്ദേഹം ബീഡിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.