'ഭാവിയിൽ മക്കൾ വേണം, എന്റെ കെെ കൊണ്ട് അവർക്ക് ഭക്ഷണം നൽകണം': മാളവിക മോഹനൻ
സിനിമാ രംഗത്ത് തിരക്കേറുകയാണ് നടി മാളവിക മോഹനന്. സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോഗ്രാഫർ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. വലിയ ആരാധക വൃന്ദം മാളിവികയ്ക്കുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്റെ കടുത്ത സ്നേഹത്തെക്കുറിച്ച് മാളവിക മോഹനൻ സംസാരിച്ചു. കേർളി ടെയിൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ചെന്നെെയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ആരാധകൻ എനിക്ക് ഒരു പ്രിന്റ് ഔട്ട് തന്നു. പെയിന്റിംഗോ മറ്റോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ വിവാഹക്ഷണക്കത്തായിരുന്നു അത്. അയാളുടെയും എന്റെയും പേരാണ് ക്ഷണക്കത്തിലുള്ളത്. ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നെന്നും മാളവിക മോഹനൻ ചിരിയോടെ പറഞ്ഞു. കരിയറിൽ താൻ ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും മാളവിക വ്യക്തമാക്കി. ഞാൻ വളരെ പൊളെെറ്റ് ആണ്. ആളുകളോട് കരുണയോടെ പെരുമാറും. അത് തിരിച്ചും പ്രതീക്ഷിക്കും. പക്ഷെ എപ്പോഴും തിരികെ കിട്ടണമെന്നില്ല.
കുടുംബത്തോടൊപ്പം താമസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സിനിമയ്ക്ക് പുറത്തുള്ള സർക്കിളുമായാണ് എനിക്ക് അടുപ്പം. അതേസമയം സിനിമാ രംഗത്ത് തനിക്ക് സുഹൃത്തുക്കളുണ്ടെന്നും മാളവിക മോഹനൻ വ്യക്തമാക്കി. വിവാഹ സ്വപ്നങ്ങളെക്കുറിച്ചും മാളവിക സംസാരിച്ചു. സിനിമാ രംഗത്ത് നിന്നുള്ളയാളായാലും അല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി പറയുന്നു. കുട്ടികൾ വേണം. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. വളരെ സ്ട്രോങായ മറ്റേർണൽ ഇൻസ്റ്റിക്റ്റ് എനിക്കുണ്ടെന്ന് കരുതുന്നു. ഭാവിയിൽ തീർച്ചയായും മക്കൾ വേണം. തന്റെ മീൻ കറിയും മറ്റും കുട്ടികൾക്ക് നൽകണം. എനിക്ക് എന്റെ അമ്മ തന്ന ഓർമകൾ മക്കൾക്ക് നൽകണം. അവർക്ക് വേണ്ടി പാചകം ചെയ്യണം. എന്റെ കൈ കൊണ്ടുണ്ടാക്കിയത് അവരെ കഴിപ്പിക്കണം. ഇതെല്ലാം തന്റെ ആഗ്രഹമാണെന്ന് മാളവിക മോഹനൻ വ്യക്തമാക്കി. ദ രാജാ സാബ് ആണ് മാളവികയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. പ്രഭാസാണ് ചിത്രത്തിലെ നായകൻ. തങ്കലാൻ, യുദ്ര എന്നീ സിനിമകളിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.