ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്
തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനുശേഷം പൊലീസ് യുവാവിന്‍റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്‍റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന് പരാതി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിൽ നൽകിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. നേരത്തെ എ ആർ എം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൊച്ചി സൈബർ പൊലീസ് പിടികൂടിയിരുന്നു.