തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 157 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള കാലയളവിൽ 582 പരിശോധനകൾ നടത്തുകയുണ്ടായി. താമസവിസയും തൊഴിൽ നിയമങ്ങളും ലംഘിച്ച 41 പേരെ പിടികൂടുകയും ചെയ്തു.
15 സംയുക്ത പരിശോധന ക്യാമ്പയിനുകൾ നടത്തി.ഇതിനു പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഒമ്പത് ക്യാമ്പയിനുകളും മുഹറഖ് ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും നോർത്തേൺ ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും സതേൺ ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും നടത്തി.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെൻസിങ്, വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യാലയം, കൃഷി മന്ത്രാലയം, നോർത്തേൺ മുനിസിപ്പാലിറ്റി, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ക്യാമ്പയിനിൽ പങ്കെടുത്തു.
നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.