ബഹ്റൈനിൽ നിന്ന് ഉംറക്കായി സൗദിയിലേക്ക് പോകുന്ന എല്ലാ രാജ്യക്കാരും ഇനി വാക്സിൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദേശം. ഉംറ ചെയ്യാനെത്തുന്നവർക്ക് മെനിഞ്ചൈറ്റിസ് (ഹെമോഫിലിക് മെനിഞ്ചൈറ്റിസ്) വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബഹ്റൈനിലുള്ളവർക്കും അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാരൻ സൗദിയിലിറങ്ങുന്നതിന്‍റെ പത്ത് ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണമെന്നതാണ് നിർദേശം. നിയമം ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരും.
ഫെബ്രുവരി ഒന്നിന് തന്നെയെങ്കിലും വാക്സിൻ പൂർത്തിയാക്കിയവർ മാത്രമേ ഇനി ഉംറ ചെയ്യാൻ യോഗ്യരാവുള്ളൂ. മെനിഞ്ചൈറ്റിസ് പോളിസാക്‌ചറൈഡ് വാക്സിനെടുത്തവർക്ക് മൂന്ന് വർഷത്തേക്കും കോൺജുഗേറ്റ് വാക്സിനെടുത്തവർക്ക് അഞ്ച് വർഷത്തേക്കും സർട്ടിഫിക്കറ്റ് സാധുവായിരിക്കും. ഉംറ അല്ലെങ്കിൽ മക്ക, മദീന, തായിഫ്, ജിദ്ദ എന്നിവിടങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒരു വയസ് തികഞ്ഞ എല്ലാ കുട്ടികൾക്കടക്കം നിയമം ബാധകമാണ്. കൂടാതെ ഓരോ രാജ്യത്തിനും പ്രത്യേകം നിർദേശിക്കപ്പെട്ട അനുഗുണമായ ഫ്ലൂ പ്രതിരോധ കുത്തിവെപ്പും എടുക്കണം. പല രാജ്യങ്ങൾക്കും അവരുടെ രാജ്യത്തെ പ്രാദേശികതലത്തിൽ പടരുന്ന രോഗങ്ങളെ നിർണയിച്ച പ്രകാരമാണ് വാക്സിൻ നിർദേശിച്ചത്.