യുഎഇയുമായുള്ള വ്യാപര കരാർ ; അന്തിമ വോട്ടെടുപ്പിനൊരുങ്ങി ബഹ്റൈൻ ശൂറ കൗൺസിൽ
യു.എ.ഇയുമായുള്ള വ്യാപാര കരാറിന്റെ അന്തിമ വോട്ടെടുപ്പിനായി ശൂറ കൗൺസിൽ അവലോകനം ചെയ്യും. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ കരാർ തുടർ അംഗീകാരങ്ങൾക്കായി ശൂറ കൗൺസിലിലേക്ക് വിട്ടതായിരുന്നു. നിക്ഷേപകർക്ക് നിയമപരമായ പരിരക്ഷ നൽകുക, യു.എ.ഇയുമായുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.
വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള കരാറിന്റെ സാധ്യതകളെ മുന്നിൽകണ്ട് കൗൺസിലിന്റെ വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ സമിതി എന്നിവർ നേരത്തേതന്നെ പിന്തുണ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് മികച്ച പരിരക്ഷയാണ് കരാർ മുന്നോട്ടുവെക്കുന്നത്. സർക്കാറുകളുടെ പെട്ടെന്നുള്ള നിയമനിർമാണങ്ങൾ, മാറ്റം വരുത്തുന്ന ചട്ടങ്ങൾ തുടങ്ങിയവയിൽ നിക്ഷേപകരെ സംരക്ഷിക്കാൻ നിയമത്തിനാവും.
ഇത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും മൂലധനം വർധിക്കുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമപരിരക്ഷക്കും ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ബഹ്റൈൻ മറ്റുരാജ്യങ്ങളുമായി 38 കരാറുകളിൽ ഇതുവരെ ഒപ്പുവെച്ചിട്ടുണ്ട്.