തുർക്കുമാനിസ്താൻ പ്രസിഡന്റ് സർദാർ ബർദി മഹ്മദോഫിന്റെ ബഹ്റൈൻ സന്ദർശനം തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തെ സ്വീകരിക്കുകയും അഭിവാദ്യങ്ങൾ കൈമാറുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്ന് മഹ്മദോഫ് വ്യക്തമാക്കി.
ഊർജ്ജം, ഭക്ഷ്യ സുരക്ഷ, ടൂറിസം, സംസ്‌കാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നതിന് ചർച്ചയിൽ ധാരണയായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. സഹവർത്തിത്വം, നീതി എന്നിവ അടിസ്ഥാനപ്പെടുത്തി സമാധാനം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.