ഗതാഗത നിയമലംഘനങ്ങൾ ; ജി.സി.സി രാജ്യങ്ങളെ ഇ-ലിങ്ക് വഴി ബന്ധിപ്പിക്കും

Update: 2023-03-09 13:03 GMT

റോഡപകടങ്ങൾ കുറക്കുന്നതിനും മറ്റുമായി ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് വഴി (ഇ-ലിങ്ക്) ബന്ധിപ്പിക്കുന്നു. സംവിധാനം അവസാന ഘട്ട മിനിക്കുപണികളിലാണ്. ഉടൻ നടപ്പാക്കും. ജി.സി.സിയിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വർക്കിങ് ഗ്രൂപ്പിന്റെ വിഡിയോ കോൺഫറൻസ് വഴി നടന്ന 19ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 39ാമത് യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗം ചർച്ച ചെയ്തത്.

വിവിധ ജി.സി.സി രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങളെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതുവഴി ജി.സി.സി രാജ്യങ്ങളിലെ അപകടങ്ങൾ കുറക്കാനും ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനുമാണ് ലക്ഷ്യമിടുന്നത്. പിഴ അടക്കാതെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നത് ഒഴിവാക്കാനും സാധിക്കും. ട്രാഫിക് ലംഘനങ്ങൾ തൽസമയം അതത് രാജ്യങ്ങളിലേക്ക് കൈമാറാനും സംവിധാനം വഴിയൊരുക്കും. ഏതു രാജ്യത്താണോ ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയത് അവിടെ തന്നെ പിഴയടക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ട്രാഫിക് പിഴ ഏതു രാജ്യത്തും അടക്കാൻ കഴിയും. ആ പിഴ പിന്നീട് ലംഘനം രേഖപ്പെടുത്തിയ രാജ്യങ്ങൾക്ക് കൈമാറും.

Similar News