സൗദി ശൂറ കൗൺസിൽ അധ്യക്ഷൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ദീർഘകാലമായുള്ള ബഹ്റൈൻ-സൗദി ബന്ധങ്ങളും ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണവും ഹമദ് രാജാവ് അടിവരയിട്ടു പറഞ്ഞു. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെയും ആശംസകളും ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖ് അറിയിച്ചു. തന്റെ ആശംസകൾ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെയും സൽമാൻ രാജകുമാരനെയും അറിയിക്കാൻ ഹമദ് രാജാവ് ശൂറ കൗൺസിൽ അധ്യക്ഷനോട് അഭ്യർഥിച്ചു.
സൗദി ശൂറ കൗൺസിൽ അധ്യക്ഷൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖിനെയും സംഘത്തെയും ബഹ്റൈൻ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം കഴിഞ്ഞദിവസം സ്വീകരിച്ച് ചർച്ച നടത്തിയിരുന്നു. ബഹ്റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും പ്രതീക്ഷിത നിലവാരത്തിലാണെന്ന് ഇരുവരും വിലയിരുത്തി. പാർലമെന്ററി കാര്യങ്ങളിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുവാൻ സന്ദർശനം ഗുണകരമാകുമെന്ന് വിലയിരുത്തി.