ബഹ്റൈനിലെ മനാമ സൂഖിലുണ്ടായ തീപിടുത്തം ; 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് കണക്കുകൾ
ജൂൺ 12നുണ്ടായ തീപിടിത്തത്തിൽ മനാമ സൂഖിലെ കടകൾക്കെല്ലാം കൂടി 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് മനാമ സൂഖ് വികസന സമിതി. 57 കടകളുടെ നാശനഷ്ടങ്ങൾ കമ്മിറ്റി രേഖപ്പെടുത്തിയപ്പോൾ നഷ്ടം ഇത്രയുമാണെന്ന് മനാമ സൂഖ് വികസന സമിതി ചെയർമാൻ റിയാദ് അൽ മഹ്റൂസ് പറഞ്ഞു.
വസ്തു ഉടമകളുമായും തീപിടിത്തത്തിനിരയായവരുമായും സമിതി ആശയവിനിമയം നടത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ചില കടകൾക്ക് നിരവധി അവകാശികൾ ഉൾപ്പെട്ടതിനാൽ നഷ്ടം വിലയിരുത്തുന്ന പ്രക്രിയ ശ്രമകരമായിരുന്നു.
ഏകദേശം 30 കടകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നാണ് സമിതിയുടെ നിഗമനം. പുനർനിർമാണത്തിനായി വായ്പ, ദീർഘകാല നിക്ഷേപം എന്നിവ നടത്താവുന്നതാണ്. പുനരുജ്ജീവന പ്രവർത്തനങ്ങൾ സൂഖിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. നഷ്ടത്തിനിരകളായ കട ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉന്നത അധികാരികളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അൽ മഹ്റൂസ് പറഞ്ഞു.
നിരവധി ജൽപന്നങ്ങളും മറ്റും മിതമായ വിലക്ക് ലഭിക്കുന്ന സൂഖെന്നും ഉപഭോക്താക്കളുടെ ഇഷ്ട സ്ഥലമാണ്. അതിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള നവീകരണം ഉറപ്പാക്കാനും സമിതി ശുപാർശ ചെയ്യുന്നു.