ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെത് അഭിമാനകരമായ നേട്ടങ്ങൾ; വിലയിരുത്തലുമായി മന്ത്രി സഭ
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 65ആം വാർഷികമാഘോഷിക്കുന്ന പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബി.ഡി.എഫ് കമാൻഡർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങിയവർക്ക് ക്യാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ബി.ഡി.എഫിന് സാധിച്ചിട്ടുണ്ട്. സമാധാനവും ശാന്തിയും വ്യാപിപ്പിക്കാനും മികച്ച പരിശീലനത്തിലൂടെ മേഖലയിലെ തന്നെ മികവ് പുലർത്തുന്ന സൈനികരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്.
അറബ് ലീഗ് 33 മത് ഉച്ചകോടി ബഹ്റൈനിൽ ആതിഥ്യം നൽകുന്നതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഐക്യവും യോജിപ്പും ശക്തമാക്കാനും കഴിയുന്ന ഒന്നായിരിക്കട്ടെ ഉച്ചകോടിയെന്നും കാബിനറ്റ് ആശംസിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദി പേൾ ലോഞ്ചിനും സ്കൈ ട്രാക്സിന്റെ പഞ്ചനക്ഷത്ര പദവി ലഭിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങെളാരുക്കാനുള്ള എയർപോർട്ടിന്റെ ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി പദവി നിലനിർത്താൻ കഴിഞ്ഞതും നേട്ടമാണ്. ദേശീയ പരിസ്ഥിതി ദിനാചരണ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണമുറപ്പുവരുത്താനും പ്രകൃതിവിഭവങ്ങളുടെ നൈരന്തര്യം കാത്തുസൂക്ഷിക്കാനും കഴിയണമെന്ന് കാബിനറ്റിന്റെ ആശംസയിൽ വ്യക്തമാക്കി. ജോർഡൻ, സിറിയൻ അതിർത്തിയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തെ ക്യാബിനറ്റ് അപലപിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ജോർഡന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിവിൽ സർവിസ് ബ്യൂറോയുടെ നിർദേശമനുസരിച്ച് പുനഃസംഘടന നടത്താൻ കാബിനറ്റ് അംഗീകാരം നൽകി. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്കും അംഗീകാരമായി. പൊതുകാര്യങ്ങൾക്കും പദ്ധതികൾക്കുമായി 66 ഇടങ്ങളിലെ ഭൂമി അക്വയർ ചെയ്യുന്നതിന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശവും അംഗീകരിക്കപ്പെട്ടു.