വിൽപന നടത്തുന്ന എല്ലാ സിഗരറ്റ് ഉൽപന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന് നിർദ്ദേശവുമായി ബഹ്‌റൈനിൻ
ബഹ്‌റൈനിൽ വിൽപന നടത്തുന്ന എല്ലാ സിഗരറ്റ് ഉൽപന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന നിയമത്തിന്റെ അവസാന ഘട്ടം ഒക്‌ടോബർ 16ന് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു.
ഡിജിറ്റൽ സ്റ്റാമ്പ് പതിപ്പിക്കാത്ത സിഗരറ്റ് ഉൽപന്നങ്ങൾ വലിയ തോതിൽ ശേഖരിച്ച് വെക്കുന്നത് ഒഴിവാക്കണമെന്ന് എൻ.ബി.ആർ ഇറക്കുമതിക്കാരോടും വ്യാപാരികളോടും ആവശ്യപ്പെട്ടു. ഒക്‌ടോബർ 16നുശേഷം ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകളുടെ വിൽപനയും കൈവശം വെക്കുന്നതും നിരോധിച്ചിരിക്കുകയാണ്.
ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത സിഗരറ്റുകൾ വിതരണക്കാർക്കുതന്നെ തിരിച്ചുനൽകണം. ഡിജിറ്റൽ സ്റ്റാമ്പ് പതിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മാർച്ച് 11നാണ് നിലവിൽ വന്നത്. ഉൽപാദനം മുതൽ ഉപയോഗം വരെയുള്ള ഘട്ടങ്ങളിൽ എക്‌സ്‌സൈസ് തീരുവയുള്ള ഉൽപന്നങ്ങൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയാനുമാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
വ്യാജ ഉൽപന്നങ്ങൾ ഇല്ലാതാക്കി സർക്കാറിന്റെ നികുതി വരുമാനം വർധിപ്പിക്കാനും പദ്ധതി സഹായിക്കും. ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 80008001 എന്ന കോൾ സെൻറർ നമ്പറിൽ ലഭ്യമാണ്.