ബഹ്റൈനിലെ കോൾഡ് സ്റ്റോറുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാൻ ആലോചന
ചെറുകിട കോൾഡ് സ്റ്റോറുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാൻ ആലോചന. മുതിർന്നവർക്കായി ഉദ്ദേശിച്ചിട്ടുള്ള എനർജി ഡ്രിങ്കുകൾ കുട്ടികൾ ഉപയോഗിക്കുന്നെന്ന പരാതി വ്യാപകമായതിനെതുടർന്നാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നേതൃത്വത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും കോൾഡ് സ്റ്റോറുകൾ ഇത് പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാതെ എല്ലാവർക്കും വിൽക്കുകയാണ്. അതുകൊണ്ട് പ്രധാനപ്പെട്ട ഹൈപ്പർമാർക്കറ്റുകളിൽ മാത്രമായി വിൽപന പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. കോളയെക്കാൾ കൂടുതൽ പഞ്ചസാരയും കാപ്പിയെക്കാൾ കൂടുതൽ കഫീനും ഇത്തരം ഉൽപന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്.
അമിത ഉപയോഗം കൗമാരക്കാരിൽ വർധിച്ചത് ആശങ്കയുളവാക്കുന്നു. എനർജി ഡ്രിങ്കുകളുടെ സ്ഥിരമായ ഉപയോഗം സ്ട്രോക്ക്, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പഠനമുണ്ട്. ചിലരിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു കാരണമായേക്കാം. അനുവദനീയ പ്രായപരിധി 18 വയസ്സിൽനിന്ന് 20 വയസ്സാക്കി ഉയർത്താനും ആലോചനയുണ്ട്.